തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഇന്ന് യോഗം ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം പെന്‍ഷന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ് ജീവനൊടുക്കിയത്. ഇവരുടെ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്.

അതേസമയം ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ തീരുമാനം എടുത്തിരിന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശ്ശിക നല്‍കാനാണ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം ഏതാണ്ട് 284 കോടി രൂപയോളം സഹകരണ വകുപ്പില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനായി അനുവദിക്കും. ഏതാണ്ട് 15 ഓളം പേരാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തതെന്നാണ് കെസ്ആര്‍ടിസി യൂണിയനുകളുടെ കണക്ക്.