കൊച്ചി: ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളി പോണേക്കരയിലെ സാംരഗ് എന്ന വീട്ടിലേക്ക് എത്തേണ്ടതായിരുന്നു ഐശ്വര്യ. പക്ഷേ, ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഐശ്വര്യയുടെ യാത്ര കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ വെച്ച് അവസാനിച്ചു. കണ്ടെയ്‌നര്‍ ലോറിയുടെ രൂപത്തില്‍ മരണമെത്തിയപ്പോള്‍ പൊലിഞ്ഞത് ഐശ്വര്യയുടേത് ഉള്‍പ്പെടെ 19 പേരുടെ ജീവനായിരുന്നു.

ബെംഗളൂരുവില്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന ഐശ്വര്യ ഔദ്യോഗിക ആവശ്യത്തിന് വേണ്ടി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് ബസ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായിരുന്നു ഐശ്വര്യയും ഭര്‍ത്താവ് ആശിനും. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുമ്പുള്ള ഐശ്വര്യയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇരുകുടുംബങ്ങളും. ദുരന്തവാര്‍ത്ത വിശ്വസിക്കാനാകാതെ സാരംഗിലേക്ക് ഒഴുകിയെത്തുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഇടപ്പള്ളി പോണേക്കര സാരംഗില്‍ ഗോപകുമാറിന്റെയും രാജശ്രീയുടേയും മകളാണ് ഐശ്വര്യ. സംഭവത്തെ തുടര്‍ന്ന് ഐശ്വര്യയുടെ കുടുംബവും ഭര്‍ത്താവ് ആശിനും അവിനാശിയിലേക്ക് തിരിച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന വോള്‍വോ കെഎസ്ആര്‍ടിസി ബസിലേക്ക് ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ വെച്ച് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറും കണ്ടക്ടറുമടക്കമുള്ള 18 പേരും മലയാളികളാണ്.

Related news… മരിച്ചവരിൽ കുന്നംകുളം എരുമപ്പെട്ടി സ്വദേശിനിയും, വിവാഹം കഴിഞ്ഞത് ഒരുമാസം മുൻപ്; അവിനാശിയിലെ വാഹനാപകടത്തിൽ മരിച്ച അനുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു