കുൽഭൂഷൺ ജാദവിന്റെ വിഷയത്തിൽ ഇന്ത്യ നൽകിയ ഹർജി പരിഗണിക്കാൻ പാടില്ലെന്നു പറഞ്ഞ് പാക്കിസ്ഥാൻ ഉന്നയിച്ച ഒരു വാദം പോലും അംഗീകരിക്കാനാവില്ലെന്നു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ).

എന്നാൽ, പാക്ക് സൈനികക്കോടതിയുടെ വിധി റദ്ദാക്കി കുൽഭൂഷണെ സ്വതന്ത്രനാക്കാൻ നിർദേശിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

സൈനികക്കോടതിയുടെ നടപടികൾക്കെതിരെ മാപ്പപേക്ഷ ഉൾപ്പെടെയുള്ള മാർഗങ്ങൾ അവശേഷിക്കുമ്പോഴാണ് ഇന്ത്യ ഐസിജെയെ സമീപിച്ചതെന്നാണ് പാക്കിസ്ഥാൻ വാദിച്ചത്.

എന്നാൽ, വിയന്ന കരാർ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ചാൽ സൈനിക കോടതിയുടെ തീരുമാനം പുനഃപരിശോധിക്കാവുമോ എന്നതിൽ അവ്യക്തതയുണ്ടെന്ന് ഐസിജെ വിലയിരുത്തി.

അധികാരമില്ലാതെയോ, ദുരുദ്ദേശ്യത്തോടെയോ തീരുമാനമെടുക്കുമ്പോൾ മാത്രമേ സൈനികക്കോടതിയുടെ നടപടിയിൽ സുപ്രീം കോടതിയും ഹൈക്കോടതികളും ഇടപെടാൻ പാടുള്ളൂവെന്ന് പാക്ക് ഭരണഘടനയുടെ 199 ാം വകുപ്പു വ്യാഖ്യാനിച്ച് സുപ്രീം കോടതി നൽകിയ വിധി ഐസിജെ ചൂണ്ടിക്കാട്ടി.

മതിയായ തെളിവില്ലാതെയാണ് സൈനികക്കോടതിയുടെ തീരുമാനമെങ്കിൽ ഇടപെടാമെന്ന് പെഷാവർ ഹൈക്കോടതി വിധിച്ചെങ്കിലും അതിനെതിരെ സർക്കാർതന്നെ അപ്പീൽ നൽകിയിട്ടുണ്ടെന്നും ഐസിജെ ചൂണ്ടിക്കാട്ടി.

പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം ഫെബ്രുവരിയിൽ വാദമുഖങ്ങൾ അവതരിപ്പിച്ചത്. ജാദവിനു നീതിയുക്തമായ വിചാരണ ഉറപ്പാക്കാനാണ് ഇനി ശ്രമിക്കേണ്ടതെന്ന് വിധി അറിഞ്ഞശേഷം അദ്ദേഹം ലണ്ടനിൽ പ്രതികരിച്ചു.

നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കരാർ, ചാരന്മാർക്ക് അവകാശ സംരക്ഷണം നിർദേശിക്കുന്നില്ലെന്നു പാക്കിസ്ഥാൻ വാദിച്ചിരുന്നു.

എന്നാൽ, കരാറിലെ 36 ാം വകുപ്പിനെ വ്യാഖ്യാനിക്കുമ്പോൾ ചാരവൃത്തി ആരോപിക്കപ്പെടുന്നവരും അതിൽ ഉൾപ്പെടുമെന്ന് ഐസിജെ വ്യക്തമാക്കി.

2008ൽ ഉണ്ടാക്കിയ ഉഭയകക്ഷി കരാറനുസരിച്ച്, ചാരപ്പണിയുടെ പേരിൽ പിടിക്കപ്പെടുന്നവരുടെ കാര്യത്തിൽ ഉചിതമായ തീരുമാനത്തിന് തങ്ങൾക്ക്് അവകാശമുണ്ടെന്നും പാക്കിസ്ഥാൻ വാദിച്ചിരുന്നു.

ഈ വാദവും തള്ളപ്പെട്ടു. വിയന്ന കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണ് 2008ലെ കരാറെന്നും, വിയന്ന കരാർ ലംഘിക്കാൻ അതിനെ കാരണമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വധശിക്ഷ തടഞ്ഞുകൊണ്ടുള്ള രാജ്യാന്തരകോടതി വിധിെയ വരവേറ്റ് രാജ്യം. ജാദവിന് നീതി ലഭിക്കുമെന്ന് ഉറപ്പുനല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതേസമയം വിധിയെ മാനിക്കുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യയെ തുണച്ച് ഹേഗിലെ രാജ്യാന്തര കോടതി വിധിയെഴുതിയത് രാജ്യം ഒറ്റക്കെട്ടായി സ്വാഗതം ചെയ്തു. യഥാര്‍ഥ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കുല്‍ഭൂഷണ്‍ ജാദവിന് ഉറപ്പായും നീതി ലഭിക്കുമെന്ന് ട്വീറ്റ് ചെയ്തു. വന്‍വിജയമെന്നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രതികരണം.

kulbh-court

ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തരകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയ്ക്ക് മുന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് നന്ദി പറഞ്ഞു. ഒടുവില്‍ നീതി വിജയിച്ചുവെന്നു പറഞ്ഞ പ്രിയങ്കഗാന്ധി കുല്‍ഭൂഷന്‍റെ കുടുംബത്തിന്‍റെ സന്തോഷത്തില്‍ രാജ്യം മുഴുവന്‍ പങ്ക് ചേരണമെന്ന് ആഹ്വാനം ചെയ്തു. വിധി വന്നയുടന്‍ തന്നെ മുംബൈയില്‍ കുല്‍ഭൂഷന്‍ ജാദവിന്‍റെ സുഹൃത്തുക്കള്‍ ആഘോഷം തുടങ്ങിയിരുന്നു.
അതേസമയം കരുതലോടെയാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യാന്തര കോടതിവിധി സത്യത്തിന്റെയും നീതിയുടേയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു. വസ്തുതകളെ കുറിച്ച് വിപുലമായ പഠനം നടത്തി വിധി പ്രസ്താവിച്ച രാജ്യാന്തര കോടതിയെ അഭിനന്ദിക്കുന്നു. കുൽഭൂഷൺ ജാദവിന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കായി എല്ലായ്പ്പോഴും തന്റെ സർക്കാർ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.