കൊടും ചൂട് ! മലയാളിയുടെ സ്വന്തം പാനീയം ‘കുലുക്കി സര്‍ബത്ത്’ സൗദിയിലെ യാമ്ബു പുഷ്പമേളയില്‍ താരമായി മാറിയിരിയ്ക്കുകയാണ്. സൗദിയിലെ പടിഞ്ഞാറന്‍ പ്രദേശത്തെ മദീനയോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യാവസായിക നഗരിയായ യാമ്ബു പുഷ്പമേളയില്‍ വിദേശികളും സ്വദേശികളും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് കുലുക്കി സര്‍ബത്ത്. ദിവസേന ആയിരക്കണക്കിനോളം സന്ദര്‍ശകര്‍ എത്തിച്ചേരുന്ന ഇവിടേക്ക് മറ്റൊരു വ്യത്യസ്തത പകര്‍ന്നു നല്‍കാനാണ് കേരളത്തനിമയുള്ള ‘കുലുക്കി സര്‍ബത്ത്’ ഒരുക്കിയിരിക്കുന്നത്. ഇതിനായി സംഘാടകര്‍ നാട്ടില്‍ നിന്നും കുലുക്കി സർബത്ത് സ്പെഷ്യലിസ്റ്റുകളെ എത്തിക്കുകയായിരുന്നു.

രുചിയിലും ഉണ്ടാക്കുന്ന രീതിയിലും പ്രത്യേകതയുള്ള ‘കുലുക്കി സര്‍ബത്ത്’ ഇവിടുത്തെ ഫുഡ് കോര്‍ട്ടിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സൗദിയില്‍ വേറെ എവിടെയും കുലുക്കി സര്‍ബത്ത് ലഭിക്കാത്തതും പുഷ്പമേളയില്‍ സര്‍ബത്തിന്റെ മാറ്റു കൂട്ടുന്നു. പച്ചമാങ്ങ, പൈനാപ്പിള്‍, സപ്പോട്ട, നാരങ്ങ എന്നിവ കൊണ്ടുണ്ടാകുന്ന കുലുക്കി സർബത്ത് കുട്ടികള്‍ക്കിഷ്ട്ടമുണ്ടാക്കാനായി ചോക്ലേറ്റ് ഫ്ളേവരും ചേര്‍ത്തതാണ് നല്‍കുന്നത്. ആയിരക്കണക്കിന് ചതുരശ്ര മീറ്ററില്‍ നട്ടുപിടിപ്പിച്ച വ്യത്യസ്തങ്ങളായ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷക്കണക്കിന് പുഷ്പങ്ങള്‍ സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. നിലവില്‍ ലോക റെക്കോര്‍ഡ് സ്ഥാനം വഹിക്കുന്ന ഏക പുഷ്പമേളയാണ് യാമ്ബു പുഷ്പമേള.