സ്വന്തം ലേഖകന്‍ 

യുകെയിലെ മലയാളികളുടെ സംഘടനയായി അറിയപ്പെടുന്ന യുക്മയുടെ കഴിഞ്ഞ ദിവസം നടന്ന കലോത്സവത്തില്‍ നേതൃത്വത്തിലോ അംഗ അസോസിയേഷന്റെ പ്രതിനിധി പോലുമോ അല്ലാത്ത വ്യക്തി വേദികള്‍ കയ്യടക്കിയത് പ്രവാസി മലയാളികളില്‍ കൗതുകമുണര്‍ത്തി. പല റീജിയനുകളിലും നടന്ന കലോത്സവത്തില്‍ ഓടിയെത്തി വേദി കയ്യടക്കുവാന്‍ ഇയാള്‍ മത്സരിക്കുകയായിരുന്നെന്നാണ് അറിവ്. യുക്മയുടെ നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലല്ല മറിച്ച് ചില ബാഹ്യശക്തികളിലാണ് എന്ന ആരോപണം ശരിവെയ്ക്കുന്ന കാഴ്ചയാണ് പല റീജിയണുകളിലേയും കലോത്സവ വേദികളില്‍ കണ്ടത്.

യുക്മ രൂപീകൃതമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതിന് യുകെയിലെ എല്ലാ മലയാളികളുടെയും സംഘടനയാകാന്‍ ചില തല്‍പര കക്ഷികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കാരണം സാധ്യമായിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പക്ഷത്തിന് വോട്ട് ചെയ്യും എന്ന് ഉറപ്പുള്ള അസോസിയേഷനുകളെ മാത്രമേ അംഗങ്ങളാക്കാന്‍ ഇത്തരക്കാര്‍ താല്‍പര്യപ്പെട്ടിരുന്നുള്ളൂ. ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ കലാസംസ്‌കാരിക വളര്‍ച്ചയ്ക്ക് ഉപരിയായി തങ്ങളുടെ സംഘടനാ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ഒരു വേദിയായി ആണ് യുക്മയെ ഇത്തരക്കാര്‍ ഉപയോഗിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് കൂടുതല്‍ ശരിവെയ്ക്കുന്നതായി കഴിഞ്ഞ ദിവസം നടന്ന യുക്മ റീജിയണല്‍ കലോത്സവങ്ങള്‍.

എന്തായാലും കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ വേദി കയ്യേറ്റത്തെ വളരെയധികം പരിഹസിക്കുകയും ട്രോളുകയും ചെയ്തവര്‍ തന്നെ കഴിഞ്ഞ ദിവസം നടത്തിയ കുമ്മനടിയും പരാക്രമങ്ങളും യുകെ മലയാളികള്‍ക്ക് ചിരിയും കൗതുകവുമാണ് സമ്മാനിച്ചത്. യുക്മ എന്ന സംഘടനയില്‍ യാതൊരു ഔദ്യോഗിക സ്ഥാനവും അംഗത്വവും പോലുമില്ലാത്ത എബി സെബാസ്റ്റ്യന്‍ ആണ് യുക്മ നേതാക്കളെ നിയന്ത്രിക്കുന്നത് എന്നത് അടിവരയിട്ടു കൊണ്ടാണ് നാഷണല്‍ ഭാരവാഹികള്‍ പങ്കെടുക്കുന്ന വേദികളിലെല്ലാം ഇയാള്‍ പ്രത്യക്ഷപ്പെടുന്നതും ഇവരേക്കാള്‍ പ്രാമുഖ്യം നേടുന്നതും എന്നത് കൗതുകകാരമാണ്