കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാൽ നിലവിൽ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള നിർദേശ പ്രകാരണമാണ് ഗവർണർ പദവിയെന്നാണു സൂചന.

നിലവിലെ ഗവർണർ നിർഭയ് ശർമയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണ് കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചതെന്ന് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ 1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി തിരുവനന്തപുരം ഈസ്റ്റിൽ മൽസരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് സംഘ് പ്രചാരകനായി.  കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ചു.