തിരുവനന്തപുരം: ബിജെപി മുന്നണി വിപുലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാന്‍ കെ.എം മാണിക്ക് കുമ്മനം രാജശേഖരന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്നും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കെ.എം മാണിയുടെ പ്രതികരണത്തിന് അനുസരിച്ച് ഘടകകക്ഷികളുടെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി രംഗത്തു വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപി തോറ്റാല്‍ സംസ്ഥാന നേതൃത്വം പിരിച്ചു വിടുമെന്ന് അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് കുമ്മനം രാജശേഖരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. എന്‍ഡിഎ പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ദിവസം കെ.എം മാണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ച് കുമ്മനം രംഗത്ത് വന്നിരിക്കുന്നത്.