കുന്ദമംഗത്തുള്ള വീട്ടമ്മയെയും ഒന്നര വയസ്സ് മാത്രമുള്ള പെണ്‍കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇവരുടെ രണ്ടാം ഭര്‍ത്താവ് അബ്ദുള്‍ ബഷീര്‍ എല്ലാം സമ്മതിച്ചു. ബാങ്കില്‍ നിക്ഷേപിച്ച പണം എടുത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന് പ്രതി പോലീസിനു മൊഴി നല്‍കി. ആദ്യബന്ധം വേര്‍പ്പെടുത്തിയ ആലുംതോട്ടത്തില്‍ ഷാഹിദ, ബഷീറിനൊടൊപ്പം പിലാശേരി കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടിലായിരുന്നു താമസം. ഷാഹിദയുടെയും ബഷീറിന്റെയും ആദ്യബന്ധങ്ങളില്‍ കുട്ടികളുണ്ട്. ഇവര്‍ വേറെയാണ് താമസിക്കുന്നത്. തങ്ങള്‍ക്കുണ്ടായ ഒന്നര വയസ്സുള്ള മകള്‍ക്കൊപ്പാണ് ബഷീറും ഷാഹിദയും താമസിച്ചിരുന്നത്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ ലഭിച്ച പണത്തിന്റെ ഒരു ഭാഗം ഷാഹിദ കുന്ദമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ തുക തനിക്കു നല്‍കണമെന്നാവശ്യപ്പെട്ട് ബഷീര്‍ ഷാഹിദയെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഷാഹിദ തന്റെ ബന്ധുക്കളോട് ഇതേക്കുറിച്ച് പരാതിയും പറഞ്ഞിട്ടുണ്ട്. മകളുടെ പിതൃത്വത്തെക്കുറിച്ച് ബഷീറും ഷാഹിദയും തമ്മില്‍ തര്‍ക്കവും പതിവായിരുന്നു. കൊല നടന്ന ഞായറാഴ്ച രാതിയും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ബഷീര്‍ ഇസ്തിരി കൊണ്ട് ഷാഹിദയെ പൊള്ളിക്കുകയായിരുന്നു. ഇസ്തിരി കൊണ്ട് പൊള്ളിച്ചപ്പോള്‍ ഷാഹിദ നിലവിളിച്ചു. ഇതേ തുടര്‍ന്ന് ബഷീര്‍ ഇവരുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയായിരുന്നു.

അമ്മയുടെ ബഹളം കേട്ട് ഉറങ്ങുകയായിരുന്ന മകള്‍ എഴുന്നേറ്റ് കരയാന്‍ തുടങ്ങി. ഇതു കണ്ട ബഷീര്‍ കുഞ്ഞിന്റെ കഴുത്ത് ഞെക്കിപ്പിടിച്ച് വായില്‍ തുണി തിരുകിക്കയറ്റുകയായിരുന്നു. കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. മകള്‍ മരിച്ചെന്നു മനസ്സിലാക്കിയ പ്രതി ഷാഹിദയെയും വെറുതേവിട്ടില്ല. ഭാര്യയെയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ കുഞ്ഞിന്റെ മൃതദേഹം ജ്വല്ലറിയുടെ ക്യാരിബാഗില്‍ കെട്ടിപ്പൊതിഞ്ഞ് വീട് പുറത്തു നിന്ന് പൂട്ടി സ്ഥലം വിട്ടു.

കുഞ്ഞിന്റെ മൃതദേഹവുമായി ഇയാള്‍ തന്റെ കാറില്‍ കോഴിക്കോട്ടേക്കു വന്നു. പലയിടത്തും മൃതദേഹം ഉപേക്ഷിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയെങ്കിലും ആളുകളെ കണ്ട് ഇതു ഉപേക്ഷിച്ചു. ഒടുവിലാണ് കനോലി കനാല്‍ തിരഞ്ഞെടുത്തത്. പുലര്‍ച്ചെ നാലു മണിയോടെയാണ് ഇയാള്‍ കുഞ്ഞിന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള പെട്ടിക്കടയില്‍ നിന്നു ഉപ്പുമാവും ചായയും കഴിച്ച ശേഷം ഇയാള്‍ നഗരത്തിലുള്ള സ്വന്തം കടയിലേക്കു പോയി. അവിടെ കിടന്ന് ഉറങ്ങുകയും ചെയ്തു.

തൊട്ടടുത്ത ദിവസം രാവിലെ ബഷീര്‍ ഷാഹിദയുടെ സഹോദരന്റെ ഭാര്യ സാബിറയെ ഫോണില്‍ വിളിച്ചു. താനും ഷാഹിദയും മകളും ദൂരെ ഒരിടത്ത് വാടകയ്ക്ക് വീടെടുത്ത് മാറുകയാണെന്നും തങ്ങളെ വേണ്ടാത്ത ബന്ധുക്കളെയും നാട്ടുകാരെയും വേണ്ടെന്നും പറഞ്ഞു. മകള്‍ക്ക് 18 വയസ്സ് ആയാല്‍ മാത്രമേ തിരിച്ചുവരികയുള്ളൂവെന്നും ബഷീര്‍ പറഞ്ഞു. ബഷീറിന്റെ സംസാരത്തില്‍ പന്തികേട് തോന്നിയ സാബിറ ഇതു റെക്കോര്‍ഡ് ചെയ്തു. ഇതു മനസ്സിലാക്കിയ ബഷീര്‍ ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് വിളിച്ച് സാബിറയോട് നേരത്തേ റെക്കോര്‍ഡ് ചെയ്തത് ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഇതില്‍ ദുരൂഹത തോന്നിയ ഇവര്‍ ബഷീറിന്റെ വീട്ടിലെത്തി നോക്കിയപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് ആദ്യം സംശയിച്ചു. ബഷീറിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഷാഹിദയുടെ മരണവിവരം ബന്ധുക്കള്‍ വിളിച്ച് അറിയിച്ചപ്പോള്‍ താന്‍ ഉടനെ വരികയാണെന്നും പറഞ്ഞ് ബഷീര്‍ കോയമ്പത്തൂരിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റും അറിയാന്‍ ഇയാള്‍ പാലക്കാട്ടേക്കു വന്നു. അവിടെ വച്ചാണ് ബഷീര്‍ പിടിയിലാവുന്നത്. മീശയും മുടിയുമെല്ലാം മുറിച്ച് രൂപമാറ്റം നടത്തി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.