കുരങ്ങിണിമല കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി; വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

കുരങ്ങിണിമല കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി; വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
March 12 07:52 2018 Print This Article

 

മേട്ടുപ്പാളയം: കുരങ്ങിണിമല കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി ഉയര്‍ന്നു. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ദേവികുളം ടോപ്‌സ്റ്റേഷനു മറു ഭാഗത്തായി പടര്‍ന്ന തീയാണ് 39 അംഗ സഞ്ചാരികളുടെ സംഘത്തെ അപകടത്തിലാക്കിയത്. പൊള്ളലേറ്റ 15 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏഴുപേര്‍ ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. സംഘത്തിലുണ്ടായിരുന്ന 16 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുണ്‍, കോയമ്പത്തൂര്‍ സ്വദേശിയായ വിപിന്‍, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്ശെല്‍വന്‍ എന്നിവരാണ് മരിച്ചവര്‍. ഇവരില്‍ ദിവ്യയും വിവേകും ദമ്പതിമാരാണ്. ഇന്നലെയാണ് 39 പേരടങ്ങുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം തേനിയിലേക്ക് ട്രക്കിങ്ങിനായി എത്തുന്നത്. സംഘത്തില്‍ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. വിവിധ സംഘങ്ങളായി യാത്രതിരിച്ച ഇവര്‍ കുരങ്ങിണി മലയിലെത്തുമ്പോള്‍ സമയം ഏതാണ്ട് അഞ്ച് മണിയോട് അടുത്തിരുന്നു. സംഘത്തിലൊരാള്‍ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സൂചനകളുണ്ട്. മലയുടെ മുകളില്‍ പുല്ലും ഇലകളും വരണ്ടുണങ്ങിയ നിലയിലായത് കൊണ്ട് അതിവേഗമാണ് തീ പടര്‍ന്നത്.

പ്രദേശത്ത് വാഹന ഗതാഗത സൗകര്യമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അപേക്ഷയെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. കാണാതായവര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ 15 പേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുന്നവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles