ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ജൂണ്‍ 23-ാം തിയതി സൗത്ത്‌ലാന്‍ഡ് ഹൈസ്‌കൂളില്‍ (തകഴി ശിവശങ്കരപ്പിള്ള നഗര്‍) നടക്കുന്ന കുട്ടനാട് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഫാ.ഡോ.മാത്യു ചൂരപ്പൊയ്കയില്‍ സംഗമം ഉദ്ഘാടനം ചെയ്യും. അവയവദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്ന് മുഖ്യ പ്രഭാഷണം നടത്തും. കുട്ടനാട്ടില്‍ നിന്ന് വന്ന ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ഡോ.ജോസ് പയ്യനാട്ട് കുട്ടനാടിന്റെ സ്‌നേഹ സന്ദേശം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കുട്ടനാട് മുന്‍ എംഎല്‍എ ഡോ.കെ.സി.ജോസഫ് എന്നിവര്‍ തല്‍സമയം ആശംസകളുമായെത്തും, രജിസ്‌ട്രേഷന്‍ നടപടികള്‍ 9.30 ആരംഭിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം കുടുംബങ്ങള്‍ കുട്ടനാട് സംഗമം 2018ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലും സിന്നി കാനാച്ചേരിയും അറിയിച്ചു. ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടനാടന്‍ മക്കള്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് അവാര്‍ഡായ റോണി ജോണ്‍ സ്മാരക എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

കുട്ടനാടിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന കലാരൂപങ്ങളായ ഞാറ്റ്പാട്ട്, കൊയ്ത്ത് പാട്ട്, തേക്കുപാട്ട്, കുട്ടനാടന്‍ നാടന്‍ പാട്ടുകള്‍ എന്നിവ സ്റ്റേജില്‍ പുനരവതരിപ്പിക്കപ്പെടും. വഞ്ചിപ്പാട്ട്, ഒരു കുട്ടനാടന്‍ കവിത, വള്ളംകളി കമന്‍ട്രി, ഒരു കുട്ടനാടന്‍ സെല്‍ഫി ഈ മനോഹര തീരം (മൊബൈല്‍ ഫോട്ടോഗ്രഫി), കുട്ടനാട് യംഗ് ടാലന്റ് അവാര്‍ഡ്, കുട്ടനാട് സംഗമത്തിനും വള്ളംകളിക്കും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡും കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള അനേകം കലാപരിപാടികളും ചരിത്രപ്രസിദ്ധമായ കുട്ടനാടന്‍ സദ്യയുമൊക്കെയായി കുട്ടനാട് സംഗമം വര്‍ണ്ണാഭവും ദൃശ്യമനോഹരവുമായിരിക്കുമെന്ന് പ്രോഗ്രാം റിസപ്ഷന്‍മാരായ മോനിച്ചന്‍ കിഴക്കേച്ചിറ, സിനി, സിന്നി, പൂര്‍ണ്ണിമ ജയകൃഷ്ണന്‍, ഷൈനി ജോണ്‍സണ്‍, മെറ്റി സജി, ബിന്‍സി പ്രിന്‍സ് എന്നിവര്‍ അറിയിച്ചു. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാനുള്ള അവസരം ഈ വര്‍ഷം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.

Venue

Southland High School
Clover Road
Chorley
PR7 2NJ