സ്വന്തം ലേഖകന്‍

വാട്ട്ഫോര്‍ഡ് : വഞ്ചിപ്പാട്ടും ആർപ്പുവിളികളും ആരവമുഖരിതമാക്കിയ അന്തരീക്ഷത്തില്‍ ഒൻപതാമത് കുട്ടനാട് സംഗമത്തിന് വാട്ട്ഫോര്‍ഡില്‍ ആവേശകരമായ പരിസമാപ്തി. കുട്ടനാടുകാരന്‍ എന്ന വികാരത്തെ ആഘോഷിക്കുവാനും, നാട്ടുകാരുമായി സൌഹൃദം പങ്ക് വയ്ക്കുവാനുമായി യുകെയിലുള്ള അനേകം കുട്ടനാട്ടുകാരാണ് കുടുംബത്തോടൊപ്പം വാട്ട്ഫോര്‍ഡിലെ ഹെംപെല്‍ ഹെംപ്സ്റ്റെഡ് സ്‌കൂള്‍ ഹാളിലേയ്ക്ക് ആവേശപൂര്‍വ്വം കടന്നു വന്നത്.

 

 എല്ലാവിധ സൌകര്യങ്ങളോട് കൂടിയ സ്‌കൂള്‍ ഹോളും, മനോഹരമായി അലങ്കരിച്ച വേദിയും, അടുക്കും ചിട്ടയോടും കൂടിയുള്ള ഒരുക്കങ്ങളുമായിരുന്നു സംഘാടകര്‍ ഇപ്രാവശ്യത്തെ സംഗമത്തിന്റെ വിജയത്തിനായി നടത്തിയിരുന്നത്. കാവാലം നാരായണപ്പണിക്കർ നഗര്‍ എന്ന് പേരിട്ട സംഗമ വേദിയില്‍ ജൂണ്‍ 24 ശനിയാഴ്ച രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. സംഗമത്തിൽ എത്തിയവരെ പരമ്പരാഗത കുട്ടനാടൻ ശൈലിയിൽ തിലകം ചാർത്തി ചെണ്ടമേളത്തോടും, ആർപ്പുവിളികളോടും സ്വീകരിച്ചു. എഡിന്‍ബറോയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കുട്ടനാട്ടുകാരനായ മാര്‍ട്ടിന്‍ അച്ചന്റെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്.

 ഒൻപതാമത് കുട്ടനാട് സംഗമത്തിലേയ്ക്ക് കടന്നു വന്ന എല്ലാ കുട്ടനാട്ടുകാരെയും ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ സ്വാഗതം ചെയ്തു. ലൌട്ടന്‍ മേയറായ ശ്രീമാൻ ഫിലിപ്പ് എബ്രഹാമിനോപ്പം സംഘാടകരായ ഷിജു മാത്യു, ജോസ് ഒഡേറ്റില്‍, ആന്റെണി മാത്യു, ജോണ്‍സണ്‍ തോമസ്‌, ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, ജോര്‍ജ്ജ് കാട്ടാമ്പള്ളി, തുടങ്ങിയവര്‍ നിലവിളക്ക് കൊളുത്തി ഒന്‍പതാമത് കുട്ടനാട് സംഗമത്തിന് തുടക്കം കുറിച്ചു. മലയാളിയായ ലൌട്ടന്‍ മേയര്‍ ശ്രീ ഫിലിപ്പ് എബ്രഹാം ഒൻപതാമത് കുട്ടനാട് സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

 തദ്ദേശിയ സമൂഹവുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം നമ്മുക്ക് ഉയരങ്ങളിലേയ്ക്കുള്ള ചവിട്ട് പടിയായിരിക്കും എന്ന് മേയര്‍ ഉദ്ബോധിപ്പിച്ചു. ആന്റെണി മാത്യു, ജോര്‍ജ്ജ് കാട്ടാമ്പള്ളി എന്നിവര്‍ സംഗമത്തിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ജി സി എസ് സി, എ ലെവല്‍ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടനാട്ടുകാരായ വിദ്യാര്‍ത്ഥികള്‍ക്ക് റോണി ജോൺ സ്മാരക “ബ്രില്യന്റ് കുട്ടനാട് ” എവർ റോളിഗ് ട്രോഫിയും അവാർഡും സമ്മാനിച്ചു.

 കഴിഞ്ഞ വര്‍ഷത്തെ കുട്ടനാട് സംഗമത്തിന്റെ സംഘാടകനായ ജിമ്മി മൂലംകുന്നം അഞ്ചോളം കിഡ്നി രോഗികളുടെ കിഡ്നി മാറ്റിവയ്ക്കുന്നതിന് വേണ്ടി ബെര്‍മ്മിംഗ്ഹാമില്‍ നടന്ന മഹനീയമായ ചാരിറ്റിയിലേയ്ക്ക് എല്ലാ കുട്ടനാട്ടുകാരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അടക്കം പങ്കെടുത്ത അതിമനോഹരമായ സംഘനൃത്തത്തോട് കൂടി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

 കുട്ടനാടന്‍ പാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികള്‍ക്ക്ശേഷം ഉച്ചയോടുകൂടി വിഭവ സമൃദ്ധമായ വള്ളസദ്യയും ഒരുക്കിയിരുന്നു. അത്യധികം സ്വാദിഷ്ടമായ കുട്ടനാടൻ വള്ളസദ്യ അത്യന്തം ആസ്വാദ്യകരമായിരുന്നു. തുടര്‍ന്ന് ഇടതടവില്ലാതെ വേദിയില്‍ അവതരിപ്പിച്ച ഓരോ കലാപരിപാടികളെയും കൃത്യമായ ഇടവേളകളില്‍ റാണി ജോസ്, സബിത ഷിജു, ഡെയ്സി ആന്റണി, റോഷന്‍ സുബിന്‍ എന്നിവര്‍ നിയന്ത്രിച്ചു.

 ജോര്‍ജ്ജ് കാവാലവും ഷേര്‍ളി പുറവടിയും ചേര്‍ന്ന് കുട്ടനാടിന്റെ മൺമറഞ്ഞ പ്രമുഖ സാഹിത്യകാരൻ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകളെ അനുസ്മരിക്കുന്നതിനായി  “കുട്ടനാടിന്റെ പ്രിയപ്പെട്ട കാവാലം” എന്ന ഡോക്യുമെന്ററി അവതരിപ്പിച്ചു. നിരവധി കലാപരിപാടികളുമായി മുന്നേറിയ സംഗമത്തിലെ ചുണ്ടന്‍ വള്ളംകളി കഴിഞ്ഞ കാലങ്ങളിലെ വള്ളംകളിയേക്കാള്‍ ഏറെ ആസ്വാദകരമായിരുന്നു.

 തുഴമുറുക്കി, പങ്കായം കുത്തിയെറിഞ്ഞ്, വള്ളവും, വെള്ളവും, വഞ്ചിപ്പാട്ടും, മുത്തുകുടയും, ആര്‍പ്പ് വിളികളുമായി ഒരേതരം മുണ്ടും ബനിയനും അണിഞ്ഞ് കുട്ടനാടന്‍ മക്കള്‍ ചുണ്ടന്‍ വള്ളത്തിലെത്തിയപ്പോള്‍ ശരിക്കും മൂലം വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിനെ അനുസമരിപ്പിക്കുന്ന അനുഭവം സംഗമവേദിയിലെ ഓരോ കുട്ടനാട്ടുകരിലും ഉണ്ടാക്കി.

 ആവേശമുണര്‍ത്തിയ വള്ളംകളിയുടെ അവസാനം 2018 ലെ കുട്ടനാട് സംഗമത്തിന്റെ ആതിഥേയത്വം ഏറ്റെടുക്കുവാന്‍ ജോണ്‍സണ്‍ കളപ്പുരയ്ക്കലും, സിന്‍നി ജേക്കബും സന്തോഷപൂര്‍വ്വം മുന്നോട്ട് വരുകയായിരുന്നു. പത്താം വയസ്സിലേയ്ക്ക് കടക്കുന്ന അടുത്ത കുട്ടനാട് സംഗമം വിജയകരമാക്കുവാന്‍ പ്രസ്റ്റണിലേയ്ക്ക് അവര്‍ എല്ലാ കുട്ടനാട്ടുകാരെയും ക്ഷണിക്കുകയും ചെയ്തു. 2018 ജൂണ്‍ 30 ശനിയാഴ്ചയിലെ പത്താമത് കുട്ടനാട് സംഗമം വിജയകരമാക്കുവാന്‍ എല്ലാ പിന്തുണയും അവര്‍ അഭ്യര്‍ത്ഥിച്ചു.

വാട്ട്ഫോര്‍ഡിലെ കുട്ടനാട് സംഗമത്തിന്റെ കൺവീനര്‍മാരായ ഷിജു മാത്യു, ജോസ് ഒഡേറ്റില്‍, ആന്റെണി മാത്യു, ജോണ്‍സണ്‍ തോമസ്‌ എന്നിവര്‍ ചേര്‍ന്ന് അടുത്ത വര്‍ഷത്തെ കൺവീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലിനും, സിന്‍നി ജേക്കബിനും കുട്ടനാട് ചുണ്ടന്റെ പങ്കായം കൈമാറി. വള്ളപ്പാട്ടിന്റെ അകമ്പടിയോടെ യുകെയിലെ ആധ്യാത്മിക നഗരമായ പ്രസ്റ്റണില്‍ വച്ച് കാണാം എന്ന ദൃഡനിശ്ചയത്തോടെ ഉപചാരം ചൊല്ലി പിരിഞ്ഞു . യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന എല്ലാ കുട്ടനാട്ടുകാരെയും പങ്കെടുപ്പിച്ച് 2018 ലെ കുട്ടനാട് സംഗമം വേറിട്ടതാക്കും എന്ന് ഉറപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ സംഗമത്തിന്റെ ലഹരിയും ഉള്‍ക്കൊണ്ടുകൊണ്ട്  ഓരോ കുട്ടനാട്ടുകാരനും വാട്ട്ഫോര്‍ഡില്‍ നിന്ന് യാത്രയായി.