മൂന്നു മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയതിനു പിന്നാലെ കുവൈത്ത് മന്ത്രിസഭ രാജീവച്ചു. പ്രധാനമന്ത്രി ഷേഖ് ജാബൈര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബായുടെ നേത്യത്വത്തിലുള്ള സര്‍ക്കാറാണ് ഇന്ന് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ അബയക്ക് രാജി സമര്‍പ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്.

ആഭ്യന്തര വകുപ്പ് മന്ത്രി അടക്കം മൂന്ന് മന്ത്രിമാര്‍ക്ക് എതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജിനാന്‍ ബൂഷഹരി രാജി വച്ചിരുന്നു. ഇന്നലെ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരെയും കുറ്റവചാരണയക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലുമാണ് ഇന്ന് പെടുന്നനെ മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി അമീറിന് സമര്‍പ്പിച്ചത്.

മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുന -ക്രമീകരിക്കുന്നതിനായി സര്‍ക്കാരിന്റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അമീറിന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസാറം അറിയിച്ചു