കുവൈത്ത് സിറ്റി∙ വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുന്ന പദ്ധതി നിലവിൽ വന്നു. ആദ്യഘട്ടമായി ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഇന്നലെ മുതൽ ഒഴിവാക്കി. താമസിയാതെ മുഴുവൻ വിദേശികളുടെയും പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും.

ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള അപേക്ഷ ഇന്നലെ മുതൽ ഓൺ‌ലൈൻ വഴിയാണ് സ്വീകരിക്കുന്നത്. പുതിയ സിവിൽ ഐഡി കാർഡ് ഇഖാമ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങിയതായിരിക്കും. പാസ്പോർട്ട് നമ്പർ ഉൾപ്പെടെ ചേർത്തിട്ടുള്ള സിവിൽ ഐഡി കാർഡ് വിമാനത്താ‍വളങ്ങളിലും രാജ്യാതിർത്തികളിലും പുറത്തേക്ക് പോകുന്നതിനും കുവൈത്തിലേക്ക് വരുന്നതിനും വേണം.

പുതിയ സിവിൽ ഐഡി കാർഡ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായി മുഴുവൻ വിദേശികൾക്കും സിവിൽ ഐഡി നൽകുന്നത് താമസാനുമതികാര്യ വിഭാഗം നിർത്തിവച്ചു. ഒട്ടേറെ പേരുടെ പാസ്പോർട്ടിലെയും സിവിൽ ഐഡിയിലെയും പേര് പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് അത്. അറബി ഭാഷയിൽ അല്ലാത്ത പേരുകൾ പലരും ഓട്ടമേറ്റഡ് പരിഭാഷ സംവിധാനം വഴി പരിഭാഷപ്പെടുത്താൻ സാധിക്കാത്തതടക്കമുള്ള കാരണങ്ങളുണ്ട് പേരിലെ വ്യത്യാസത്തിന്. (ഉദാ: പാസ്പോർട്ടിൽ അബ്ദുൽ അസീസ് ആമ്പിച്ചിക്കാട്ടിൽ എന്ന് പേരുള്ളയാളുടെ സിവിൽ ഐഡിയിലെ പേര് ആമ്പിച്ചിക്കാട്ടിൽ അബ്ദുൽ അസീസ് എന്നാണ്.) ഇഖാമ പുതുക്കുന്നതിനുള്ള പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് മുൻപായി പാസ്പോർട്ടിലെയും ഇഖാമയിലെയും പേരിലെ പൊരുത്തക്കേട് മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ ഖാദർ അൽ ശബാൻ വിദേശികളോട് അഭ്യർഥിച്ചു. വിവിധ മേഖലകളിലുള്ള താമസാനുമതികാര്യ വിഭാഗം ഓഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്. ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ടിന്റെ ഫോട്ടോകോപ്പി, പേരിലെ വ്യത്യാസം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ എന്നിവയും ഒപ്പം വയ്ക്കണം. പുതിയ സിവിൽ ഐഡിക്കുള്ള അപേക്ഷയ്ക്ക് മുൻപ് പേരിലെ പൊരുത്തക്കേട് ശരിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു