ബ്രെക്‌സിറ്റില്‍ വീണ്ടും ഒരു ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാന്‍ ലേബര്‍ പാര്‍ട്ടി തയ്യാറെടുക്കുന്നു. രാജ്യത്തിന് ദോഷകരമായ ടോറി ബ്രെക്‌സിറ്റ് തടയുന്നതിനായാണ് ഇതെന്ന് ലേബര്‍ അറിയിച്ചു. ലേബര്‍ മുന്നോട്ടുവെച്ച ബ്രെക്‌സിറ്റി കരാര്‍ ബുധനാഴ്ച പാര്‍ലമെന്റ് തള്ളിയാല്‍ ഇതിനായി നീക്കം നടത്തുമെന്ന് ജെറമി കോര്‍ബിന്‍ ലേബര്‍ എംപിമാരെ അറിയിച്ചു. നോ ഡീല്‍ ബ്രെക്‌സിറ്റിലേക്കോ തെരേസ മേയുടെ കരാറിലേക്കോ ആണ് പാര്‍ലമെന്റ് തീരുമാനം എത്തുന്നതെങ്കില്‍ പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന് ലേബര്‍ എംപിയായ എമിലി തോണ്‍ബെറി പറഞ്ഞു. മാര്‍ച്ച് 29ന് നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദമേറിക്കൊണ്ടിരിക്കെയാണ് ലേബര്‍ നീക്കം.

ഹിതപരിശോധന സംബന്ധിച്ച് വ്യക്തമായ ആശയങ്ങളൊന്നും ലേബര്‍ മുന്നോട്ടു വെച്ചിട്ടില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനോ യൂണിയനില്‍ തുടരാനോ വിശ്വാസയോഗ്യമായ ഒരു ഓപ്ഷന്‍ മുന്നോട്ടുവെക്കുന്ന ഏതുതരത്തിലുള്ള ഹിതപരിശോധനയും ആകാം എന്നാണ് ലേബര്‍ എംപിമാര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനുമായി വീണ്ടും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പദ്ധതിയിട്ടതനുസരിച്ച് അടുത്ത മാസത്തോടെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്.

2016 ജൂണിലാണ് ബ്രെക്‌സിറ്റ് ഹിതപരിശോധന നടന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ വന്‍ പരാജയമാണ് ഇത് ഏറ്റുവാങ്ങിയത്. ബില്ലിന്‍മേല്‍ പാര്‍ലമെന്റില്‍ വീണ്ടും നടക്കാനിരിക്കുന്ന വോട്ടെടുപ്പ് മാര്‍ച്ച് 12ലേക്ക് മാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി. എന്നാല്‍ നോ ഡീലിലേക്ക് പോകണോ അതോ താന്‍ മുന്നോട്ടു വെച്ച ഉടമ്പടി അംഗീകരിക്കണോ എന്ന അവസ്ഥയിലേക്ക് എംപിമാരെ നയിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോര്‍ബിന്‍ ആരോപിച്ചു.