യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് യുകെയിലെ ബിസിനസ് സ്ഥാപനങ്ങളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പില്‍ നിന്നുള്ള തൊഴിലാളികളുടെ അപര്യാപ്തത കമ്പനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രെക്‌സിറ്റിന് ശേഷം തൊഴിലാളികളുടെ ലഭ്യതയില്‍ കുറവ് വരികയാണെങ്കില്‍ കമ്പനികള്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമെന്നാണ് പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ വ്യാപാര സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്ന് തൊഴില്‍ദാതാക്കള്‍ വ്യക്തമാക്കിയതായി മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി(എംഎസി) പുറത്തുവിട്ട ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ അപര്യാപ്തത കമ്പനികളുടെ വികസനത്തെ സാരമായി ബാധിക്കുമെന്നും. തൊഴിലാളികളെ നിയമിക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇതരം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കമ്പനി മാറ്റി സ്ഥാപിക്കാന്‍ ഉടമസ്ഥരെ നിര്‍ബന്ധിതരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തൊഴിലാളികളുടെ കുറവ് ചിലപ്പോള്‍ ബിസിനസ് ഉപേക്ഷിക്കുന്ന നിലപാടിലേക്ക് വരെ കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ്. വിഷയത്തില്‍ അഡൈ്വസറി ബോര്‍ഡിന്റെ പൂര്‍ണ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളു. തൊഴിലാളികളെ എണ്ണത്തിലുണ്ടാകുന്ന കുറവ് കമ്പനികളെ ബാധിക്കും. കുടിയേറ്റത്തിലുണ്ടാക്കുന്ന കുറവ് സാമ്പത്തിക മേഖലയെയും ബിസിനസുകളെയും സാരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി(എംഎസി) സ്വതന്ത്രമായി വര്‍ക്കിംഗ് ബോഡിയാണ്. ബ്രെക്‌സിറ്റിന് ശേഷമുള്ള കുടിയേറ്റ നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ എംഎസിയെ സര്‍ക്കാര്‍ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏതാണ്ട് 400ഓളം കമ്പനികളില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ബോഡികളില്‍ നിന്നും എംഎസി വിവര ശേഖരണം നടത്തി. തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി കമ്പനികളുടെ അഭിപ്രായം തേടുകയാണ് എംഎസി ചെയ്തത്.