കുടുംബകലഹത്തെ തുടര്‍ന്ന് യുവതി രണ്ട് വയസുകാരി മകളെയും എടുത്ത്  ആറ്റില്‍ ചാടി. മരങ്ങാട് കത്തിക്കാംപാറ കാവുംമൂല വീട്ടില്‍ ശീത(22)ളാണ് രണ്ട് വയസുകാരി മകള്‍ നിയയെയും എടുത്ത് കരമനയാറ്റില്‍ ചാടിയത്. രണ്ട് പേരെയും കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉഴമലയ്ക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ആര്‍.സുജാതയുടെ മകളാണ് ശീതള്‍. രാവിലെ 11.30ന് എലിയാവൂര്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കനത്ത മഴയും പേപ്പാറ അരുവിക്കര ഡാമുകള്‍ തുറന്നതും മൂലം നിറഞ്ഞു കുത്തിയൊഴുകുന്ന നിലയിലായിരുന്നു പുഴ. ഈ പുഴയില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലും ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പുഴയില്‍ മണിക്കൂറുകള്‍ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് അവസാനിപ്പിച്ച തിരച്ചില്‍ ഇന്നു പുനരാരംഭിക്കും. ഭര്‍ത്താവ് തൊളിക്കോട് സ്വദേശി ഷൈജുവുമായി പിണങ്ങി വലിയകലുങ്കില്‍ അമ്മയോടൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു ശീതളും കുഞ്ഞും. ഇന്നലെ കുളപ്പട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയതിനു ശേഷമാണു ശീതള്‍ മകളുമൊത്ത് എലിയാവൂര്‍ പാലത്തിലെത്തിയത്. ചെരിപ്പും ബാഗും ഉപേക്ഷിച്ചശേഷം പാലത്തില്‍നിന്നു ചാടുകയായിരുന്നു. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കരമനയാറ്റിലെ ജലനിരപ്പു കൂടുതലായതു തിരച്ചില്‍ ദുഷ്‌കരമാക്കി.  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ കെ.എസ്.ശബരീനാഥന്‍, സി ദിവാകരന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് റബര്‍ ഡിങ്കി ബോട്ടില്‍ നാട്ടുകാര്‍ക്കൊപ്പമാണു തിരച്ചില്‍ ആരംഭിച്ചത്. പരിസരത്തെ മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സിനൊപ്പം ചേര്‍ന്നു. പാലത്തില്‍നിന്നു നാലു കിലോമീറ്റര്‍ അകലെയുള്ള കൂവക്കുടിയില്‍ വരെ പരിശോധന നടത്തി.