ഇടുക്കി നെങ്കണ്ടത്ത് താമസിച്ചു കൊതിതീരുന്നതിനു മുൻപേ വീട് മണ്ണടിയുന്നു. പുതിയ വീടു നിർമിച്ചു താമസം മാറിയിട്ട് ഒരു മാസമേ ആയുള്ളു. കനത്ത മഴയെത്തുടർന്നു ഭൂമി വിണ്ടുകീറി ആദ്യ നില പൂർണമായും മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കൽ അപ്പച്ചന്റെ വീടാണു തകർന്നത്. ഈ പ്രദേശത്തെ മണ്ണ് ഇടിഞ്ഞു താഴ്ന്നതിനെത്തുടർന്നാണു വീടു തകർന്നത് എന്നാണു പ്രാഥമിക നിഗമനം. സ്ഥലത്തു പഠനം നടത്തിയാൽ മാത്രമേ എന്താണു സംഭവിച്ചതെന്നു പറയാൻ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നാലു ദിവസം മുൻപു വീടിനു വിള്ളൽ കണ്ടതിനെത്തുടർന്ന് ഇവിടെ താമസിച്ചിരുന്നവർ മറ്റൊരിടത്തേക്കു മാറിയിരുന്നു. വീട്ടുപകരണങ്ങൾ പറ്റുന്നിടത്തോളം മാറ്റി. വീടിനു ചുറ്റുമുള്ള പ്രദേശങ്ങൾ വിണ്ടുകീറിയ നിലയിലാണ്. രണ്ടര കിലോമീറ്ററിൽ അധികം പ്രദേശമാണു ഭൂമി പിളർന്നു മാറിയിരിക്കുന്നത്. ഇതിനടുത്തുള്ള മാവടി കുഴികൊമ്പ് ഭാഗത്തു രണ്ടാൾ താഴ്ചയിൽ ഭൂമി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. പല പ്രദേശങ്ങളിലെയും മൺഭിത്തികൾ തകർന്നു വീണുകൊണ്ടിരിക്കുകയാണ്.