കണ്ണൂര്‍ കൊട്ടിയൂരും ഇരിട്ടി-മട്ടന്നൂര്‍ ഭാഗത്തും കനത്ത നാശനഷ്ടം. കൊട്ടിയൂര്‍ ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. മഴ നില്‍ക്കാതെ പെയ്യുകയാണ്. മട്ടന്നൂര്‍ ഇരിക്കൂര്‍ ഭാഗത്ത് പല വീടുകളും വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പറശ്ശിനികടവ് അമ്പലത്തിലും വെള്ളം കയറി.

കര്‍ണാടക വനത്തില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടലുണ്ടായി. മലയോരത്ത് പുഴകളില്‍ ശക്തമായ ഒഴുക്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 116 കുടുംബങ്ങളിലെ 443 പേര്‍ ക്യാംപിലാണ്. ചുഴലിക്കാറ്റില്‍ കണിച്ചാര്‍ ടൗണിലെ പല കെട്ടിടങ്ങളും തകര്‍ന്നു.

കണിച്ചാറിലെ ഡോ. പല്‍പു മെമ്മോറിയല്‍ സ്‌കൂള്‍ പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോലീസ് സഹായത്തോടെ ബോട്ടുകള്‍ ഇറക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുത ബന്ധം നിലച്ചിട്ടുണ്ട്.കല്‍പ്പറ്റയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.