ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്‍മായര്‍ക്ക് ദൈവശാസ്തപഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം. നാളെ, നവംബര്‍ 19 ശനിയാഴ്ച ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് കോഴ്‌സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസും’ സംയുക്തമായാണ് ഈ പഠനാവസരം ഒരുക്കുന്നത്. പ്രശസ്ത ബൈബിള്‍ പണ്ഡിതനായ റവ. ഡോ. ജോസഫ് പാംപ്ലാനിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും കോഴ്‌സിനു നേതൃത്വം നല്‍കുന്നതും.

pampla

രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സ്(ബി.എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, പ്ലസ്ടു/പി.ഡി.സി), രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ്(എം എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി) എന്നിവയാണ് തുടക്കത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിപ്ലോമ കോഴ്‌സിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്റ്റിയന്‍ ചെയറിന്റെ അംഗീകാരവും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരമുള്ള സായിനാഥ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് ഈസ്റ്റ് ഫ്രന്റിയര്‍ യൂണിവേഴ്‌സിറ്റി എന്നിയുടെ അംഗീകാരവും ഉണ്ടായിരിക്കും. ബൈബിള്‍, തിരുസഭാ ചരിത്രം, കാനന്‍ നിയമം, ആരാധനാക്രമം എന്നിവ പ്രധാന പഠനവിഷയങ്ങളാകുമ്പോള്‍, ബൈബിള്‍ മൂലഭാഷകളായ ഗ്രീക്ക്, ഹീബ്രു എന്നിവ ഐശ്ചികമായി പഠിക്കുന്നതിനും അവസരമുണ്ടായിരിക്കും.

പഠിതാക്കളുടെ സൗകര്യാര്‍ത്ഥം ‘ഓണ്‍ലൈന്‍’ ആയി നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കുമ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് കോണ്‍ടാക്ട് ക്ലാസുകളും നടത്തപ്പെടുന്നു. ഓരോ വിഷയവും ആധികാരികമായി പ്രതിപാദിക്കുന്ന ടെക്‌സറ്റ് ബുക്കുകളും ലഭ്യമായിരിക്കും.

വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ദൈവശാസ്ത്ര വിഷയ പഠനങ്ങള്‍ക്കായി നാട്ടില്‍ പല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇങ്ങനെയൊരു സംരംഭം ആദ്യമാണ്. സഭയെക്കുറിച്ചുള്ള ആഴമായ അറിവില്‍ വിശ്വാസികള്‍ വളരണമെന്ന സഭയുടെ ആഗ്രഹത്തിന്റെ തെളിവാണ് ഈ പുതിയ പഠനാവസരമെന്ന് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന ധ്യാനഗുരുവും ദൈവശാസ്ത്രജ്ഞനും ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടര്‍ ബിരുദവുമുള്ള റവ. ഫാ. ജോസഫ് പാംപ്ലാനിയാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോയ് വയലിലിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 07846554152