ലണ്ടന്‍: അമേരിക്കയും ബ്രിട്ടനും വിമാനങ്ങളിലെ ക്യാബിന്‍ ബാഗേജില്‍ നിന്ന് ലാപ്‌ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ചതിന് കാരണം ഐപാഡില്‍ സ്‌ഫോടകവസ്തു ഒളിപ്പിച്ചു കടത്താനുള്ള നീക്കം പരാജയപ്പെടുത്തിയിതിനു പിന്നാലെയെന്ന് വെളിപ്പെടുത്തല്‍. സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിക്കുന്നതെന്നാ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനങ്ങളില്‍ മൊബൈലിനെക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള വിലക്ക് യുകെയില്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു. ഈജിപ്റ്റ്, ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, ടുണീഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിരോധനം.
ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഈസി ജെറ്റ്, ജെറ്റ് 2, മൊണാര്‍ക്ക്, തോമസ് കുക്ക്, തോംസണ്‍ എട്ട് വിദേശ എയര്‍ലൈനുകള്‍ എന്നിവയിലാണ് വിലക്ക് ബാധകമാകുന്നത്. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇത്തരെ ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് അമേരിക്ക വിലക്കിയതിനു പിന്നാലെയാണ് ബ്രിട്ടനും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഏതെങ്കിലും ഒരു സംഭവത്തിന്റെ ചുവടുപിടിച്ചല്ല വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഐപാഡിന്റെ മാതൃകയില്‍ സ്‌ഫോടക വസ്തു ഒൡപ്പിച്ച് കടത്താനുള്ള ശ്രമമാണ് അതിലൊന്ന്. എന്നാല്‍ ഈ സംഭവം എവിടെയാണ് ഉണ്ടായതെന്നത് രഹസ്യമാണ്.

ഇത്തരത്തില്‍ സ്‌ഫോടകവസ്തു ഒളിച്ചു കടത്താനുള്ള ശ്രമം കണ്ടെത്തിയതോടെ തീവ്രവാദ സംഘടനകള്‍ നടത്താന്‍ ശ്രമിക്കുന്ന പുതിയ തരം ആക്രമണ രീതികളെക്കുറിച്ചുള്ള ആശങ്കയിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍. ക്യാബിനുള്ളില്‍ സ്‌ഫോടകവസ്തു എത്തിക്കുകയും യാത്രക്കിടയില്‍ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്താല്‍ അത് വന്‍ അപകടത്തിനാകും വഴിവെക്കുക. ബാഗേജ് ഏരിയയില്‍ സൃഷ്ടിക്കുന്ന സ്‌ഫോടനത്തേക്കാള്‍ വിമാനത്തില്‍ യാത്രക്കാരുള്ള ഭാഗത്ത് നടത്തുന്ന സ്‌ഫോടനങ്ങള്‍ വലിയ ദുരന്തമുണ്ടാക്കുമെന്നതിനാലാണ് ഇത്തരം ശ്രമങ്ങള്‍ക്ക് ഭീകരര്‍ തുനിയുന്നതെന്നാണ് കരുതുന്നത്.

തെരേസ മേയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ അവലോകനത്തിനു ശേഷമാണ് യുകെയില്‍ ഈ വിലക്ക് പ്രഖ്യാപിച്ചത്. തീവ്രവാദികള്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം.