കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണെങ്കിലും ലണ്ടനിലെ പല മേഖലകളിലും കാറുകളും വാനുകളും അടക്കമുള്ള വാഹങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാൻ. അതുവഴി ആളുകൾക്ക് സുരക്ഷിതമായി നടക്കാനും സൈക്കിൾ ചവിട്ടാനുമുള്ള സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ ബ്രിഡ്ജിനും ഷോറെഡിച്ച്, യൂസ്റ്റൺ, വാട്ടർലൂ, ഓൾഡ് സ്ട്രീറ്റ്, ഹോൾബോൺ എന്നിവയ്ക്കിടയിലുള്ള പ്രധാന തെരുവുകൾ ബസുകള്‍ക്കും കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയത്. ലോകത്തിലെ കാർ‌-രഹിത സംരംഭങ്ങളിൽ ഒന്നായി ഈ തീരുമാനത്തെ വിലയിരുത്തപ്പെടുന്നു.

ചെറിയ റോഡുകളിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അധികൃതർ പറഞ്ഞു. വാട്ടർലൂ ബ്രിഡ്ജ്, ലണ്ടൻ ബ്രിഡ്ജ് എന്നിവയിൽ കാറുകളും ലോറികളും നിരോധിച്ചിട്ടുണ്ട്. ആളുകൾ ജോലിയിൽ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം തിരക്കേറിയ ഗതാഗതത്തിൽ ശാരീരിക അകലം പാലിക്കുക എന്നത് അസാധ്യമാണ്. കാർ ഉപയോഗം വർദ്ധിക്കുന്നത് ഗ്രിഡ്‌ലോക്കിനും വായു മലിനീകരണത്തിനും കാരണമാകും.

ലണ്ടന്റെ ചരിത്രത്തില്‍ ആദ്യമായി ലണ്ടനിലെ പൊതുഗതാഗത ശൃംഖല ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഖാൻ പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിനാൽ പൊതുഗതാഗതത്തിൽ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാൻ എല്ലാ ലണ്ടന്‍ നിവാസികളുടെ ഭാഗത്തുനിന്നും വലിയ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.