ആരോഗ്യനില വഷളായേക്കുമെന്ന് ആശങ്ക; ഡീപോര്‍ട്ടേഷന്‍ നടത്താനിരുന്ന ശങ്കരപ്പിള്ള ബാലചന്ദ്രന്റെ കുടുംബം വിമാനത്തില്‍ കയറാന്‍ വിസമ്മതിച്ചു

ആരോഗ്യനില വഷളായേക്കുമെന്ന് ആശങ്ക; ഡീപോര്‍ട്ടേഷന്‍ നടത്താനിരുന്ന ശങ്കരപ്പിള്ള ബാലചന്ദ്രന്റെ കുടുംബം വിമാനത്തില്‍ കയറാന്‍ വിസമ്മതിച്ചു
October 16 06:19 2018 Print This Article

ശ്രീലങ്കന്‍ തമിഴ് വംശജനെ ഡീപോര്‍ട്ട് ചെയ്യുന്നതിനായി വിമാനത്തില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. ശങ്കരപ്പിള്ള ബാലചന്ദ്രന്‍ എന്ന 61 കാരനെയാണ് ഹോം ഓഫീസ് ഡീപോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത്. മൂന്ന് തവണ സ്‌ട്രോക്ക് വന്നിട്ടുള്ള ഇദ്ദേഹം കടുത്ത രക്തസമ്മര്‍ദ്ദ രോഗിയാണ്. വിമാനയാത്ര ഇദ്ദേഹത്തിന്റെ ജീവന് ഭീഷണിയായേക്കാമെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് ഹോം ഓഫീസ് ഡീപോര്‍ട്ടേഷന്‍ നടപടികളുമായി മുന്നോട്ടു പോയത്. ഹീത്രൂ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്നും നാല് പാരമെഡിക്കുകളുടെ സഹായത്തോടെ ആംബുലന്‍സിലാണ് ഹോം ഓഫീസ് അധികൃതര്‍ ബാലചന്ദ്രനെ വിമാനത്താവളത്തില്‍ എത്തിച്ചത്. കുടുംബത്തെയും ഇദ്ദേഹത്തിനൊപ്പം അയക്കാനായിരുന്നു പദ്ധതി.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള തിങ്കളാഴ്ച രാത്രി 9.30നുള്ള വിമാനത്തിലായിരുന്നു ബാലചന്ദ്രനെ അയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. യാത്രാസമയം അടുത്തു വന്നതോടെ ഇദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം 169/113 ആയി ഉയര്‍ന്നു. എന്നാല്‍ ഹോം ഓഫീസ് നിയോഗിച്ച പാരമെഡിക്കുകള്‍ പറഞ്ഞത് ബാലചന്ദ്രന്‍ യാത്ര ചെയ്യാനാകുന്ന ആരോഗ്യാവസ്ഥയിലാണെന്നായിരുന്നു. അര്‍ദ്ധ ബോധാവസ്ഥയിലേക്ക് പോലും അദ്ദേഹം നീങ്ങി. അദ്ദേഹത്തിന്റെ കുടുംബം വിമാനത്താവളത്തിലുണ്ടായിരുന്നു. വിമാനത്തില്‍ കയറിയില്ലെങ്കില്‍ എല്ലാവരെയും ബലംപ്രയോഗിച്ച് പിന്നീട് നാടുകടത്തുമെന്നും അത് ഓരോരുത്തരെയായി നടത്തുമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്രന്റെ മകന്‍ പ്രണവന്‍ പറഞ്ഞു. അനാരോഗ്യമുള്ളതിനാല്‍ ബാലചന്ദ്രനെ യുകെയില്‍ നിര്‍ത്തുമെന്നും കുടുംബാംഗങ്ങളെ നാടുകടത്തുമെന്നായിരുന്നു ഭീഷണി.

അതോടെ പിതാവ് സുരക്ഷിതനായിരിക്കാന്‍ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രണവന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കുറയുകയായിരുന്നെങ്കില്‍ യാത്രക്ക് തങ്ങള്‍ തയ്യാറാകുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. യാത്രക്ക് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇവരെ ഹോട്ടലിലേക്ക് വീണ്ടും മാറ്റിയിരിക്കുകയാണ്. എന്‍ജിനീയറായിരുന്ന ബാലചന്ദ്രന്റെ വര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിനും കുടുംബത്തിനു സ്ഥിരതാമസത്തിനുള്ള അനുമതി ഹോം ഓഫീസ് നല്‍കിയിരുന്നില്ല. ഇതോടെ കുടുംബാംഗങ്ങള്‍ക്കും യുകെയില്‍ ജോലി ചെയ്യാനുള്ള അനുമതി ഇല്ലാതായിരുന്നു. മനുഷ്യാവകാശ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് നിയമസഹായം തേടിയിരിക്കുകയാണ് ഇവര്‍.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles