നിപ്പ വൈറസ് സംബന്ധമായ വാർത്തകളാണ് കേരളത്തിൽ നിന്നും അനുദിനം ഉയർന്നുകേൾക്കുന്നത്. അവരസത്തിനൊത്തുണർന്നു സർക്കാർ പ്രവർത്തിക്കുന്നു രോഗത്തെ നിയന്ത്രിക്കാൻ.. പല പരിപാടികളും മാറ്റിവെക്കപ്പെടുന്നു കാരണം വൈറസ് പടരാതിരിക്കാൻ .. ഈ മുന്കരുതലുകൾക്കപ്പുറവും ചില കുടുംബത്തെ വഴിയാധാരമാക്കിയ വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്… അതിൽ ഒന്നാണ് മലപ്പുറത്തുനിന്നുള്ള ഉബീഷിന്റെ സെൽഫി…

ദിവസങ്ങള്‍ക്കു മുന്‍പ് എടുത്ത സെല്‍ഫി കാണുമ്പോള്‍ മലപ്പുറം തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിന്റെ നെഞ്ച് പിടയും. കണ്ണില്‍ കുസൃതി നിറച്ചുള്ള ആ നോട്ടം ഇനിയില്ല. ഉബീഷിനെ തനിച്ചാക്കി ഷിജിത നിപ്പ വൈറസിന് കീഴടങ്ങി. ഭാര്യയെ തട്ടിയെടുത്ത മരണം ഉബീഷിനെയും നോട്ടമിട്ടിരിക്കുകയാണ്. നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ട ഷിജിതയും ഇന്നലെ നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെടിരിക്കുന്ന ഭര്‍ത്താവ് ഉബീഷും ഇപ്പോള്‍ ഒരുനാടിന്റെ വേദനയാണ്. ഷിജിതയുടെ മരണത്തെ തുടര്‍ന്നാണ് ഉബീഷിനെ വീണ്ടും നിപ്പ വൈറസ് പരിശോധന നടത്തിയത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉബീഷിനൊപ്പം നേരത്തെ ഒരാഴ്ച ഷിജിതയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.

ഈസമയത്താണ് ഷിജിതക്ക് പനി അനുഭവപ്പെട്ടു തുടങ്ങിയത്. അസഹനീയമായ കാലു വേദനയും വിറയലുമായിരുന്നു ആദ്യം. വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയ്ക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പരിശോധനയില്‍ വൈറസ് ബാധിച്ചതായി കണ്ടെത്തി. ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്.

ഷിജിതയെ സന്ദര്‍ശിച്ച എട്ടുപേരേയും പനി ബാധിച്ച് ചികിത്സ തേടിയെത്തിയ മൂന്നുപേരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ധ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടയിലാണ് ഉബീഷിനും നിപ്പ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.