റിയാദ് : പല രാജ്യങ്ങളും ചെലവുചുരുക്കലിന്റെയും, സ്വദേശിവൽക്കരണത്തിനെയും പിന്നാലെയാണ്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി നാട് വിട്ടവരാണ് നേഴ്‌സുമാർ. എന്നാൽ സൗദിയിൽ ഉള്ള നിരവധി നഴ്സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ ആണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2005ന് മുമ്പ് പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ല. ഇതാണ് നഴ്സുമാരെ ആശങ്കയിലാഴ്ത്തുന്നത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് എന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ എന്നാണ് വിവരം. ജനറല്‍ നഴ്സിങ് ആന്‍ഡ്  മിഡ്‌വൈഫറി കോഴ്സ് പാസായ ശേഷം സൗദിയിലെത്തി ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നുണ്ടാവണം.

ഇന്ത്യയിലെ അതാത് സംസ്ഥാന നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് റിക്രൂട്ടിങ് സമയത്ത് ഇവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റായി മന്ത്രാലയത്തില്‍ ഹാജരാക്കിയത്. അതിന് അനുസൃതമായി ലഭിച്ച ലൈസന്‍സിലാണ് ഈ കാലം വരെയും ജോലി ചെയ്തുവന്നതും. എന്നാലിപ്പോള്‍ ഈ നിയമത്തില്‍ മാറ്റം വരുത്തി എന്നാണ് നഴ്സുമാര്‍ക്ക് ലഭിക്കുന്ന വിവരം. ഡിപ്ലോമ ഇല്ലാത്തവരുടേത് പുതുക്കാനിടയില്ല. അങ്ങനെ സംഭവിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും.

ഇത്തരത്തില്‍ സംഭവിക്കാനിടയുള്ള കൂട്ടപിരിച്ചുവിടല്‍ ഭീഷണിയെ ഗൗരവപൂര്‍വം കാണണമെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് നഴ്സുമാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രൂക്ഷമായേക്കാവുന്ന ഈ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജിദ്ദ നവോദയ ഈ വിഷയം കേരള നഴ്സിങ് അസോസിയേഷന്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് നിവേദനം നല്‍കുകയും ചെയ്തു.വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നഴ്സുമാര്‍ അയച്ച നിവേദനത്തില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നഴ്സിങ് കൗണ്‍സിലിനോട് ആവശ്യപ്പെടണമെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2005ന് ശേഷം ജനറല്‍ നഴ്സിങ് കോഴ്സ് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പുള്ള ആരുടേയും സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇല്ല. പുതുതായി ജോലിക്കെത്തുന്നവരെല്ലാം നഴ്സിങ് ബിരുദമുള്ളവരാണ്. അതുകൊണ്ട് തന്നെ നിയമത്തിലെ ഈ മാറ്റം ബാധിക്കുക നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സീനിയര്‍ നഴ്സുമാരെ തന്നെയാവും. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ മാത്രമല്ല സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്സുമാര്‍ക്കും ഇത് പ്രതികൂലമാണ്.

എന്നാൽ നിയമ മാറ്റത്തിന്  മറ്റൊരു വശം കൂടിയുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. കാലങ്ങളായി വർക്ക്‌ ചെയ്യുന്ന നേഴ്‌സുമാർ കരസ്ഥമാക്കുന്നത് വലിയ മാസശമ്പളമാണ്. ഇങ്ങനെയുള്ളവരുടെ വിസ പുതുക്കാതെ വരുമ്പോൾ, പുതിയ നേഴ്‌സുമാരെ നിയമിക്കുക വഴി ധനലാഭം നേടാനും ജോലിയിൽ കാര്യക്ഷമത കൂടുതലുള്ള ചെറുപ്പക്കാരായ നേഴ്‌സുമാരെ എത്തിക്കുവാനും സാധിക്കും എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ സ്വദേശിവൽക്കരണത്തോടൊപ്പം യുവ നേഴ്‌സുമാരുടെ വരവിനും ധനലാഭത്തിനും കാരണമാകും. നിയമ വിധേയമായി ജോലി നഷ്ടപ്പെടുബോൾ കൂടുതൽ വിവരണത്തിന്റെ ആവശ്യമില്ല എന്ന വസ്തുതയും ഇതിലുള്ളതായി സംശയിക്കുന്നു.

Read more.. ഓസ്ട്രേലിയ എന്ന സ്വപ്നത്തിന് മങ്ങലേൽപ്പിച്ച്  ‘457’ വിസ സംവിധാനം ഓസ്‌ട്രേലിയ റദ്ദാക്കി; ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ