കൊച്ചി: പ്രണയ ദിനത്തില്‍ വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സദാചാര ഗുണ്ടായിസത്തിനെതിരെയാണ് വ്യത്യസ്ഥമായ പ്രതിഷേധ പരിപാടിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. സെന്റ് തെരേസാസ് കോളെജിലേക്ക് പ്രണയാഭ്യര്‍ത്ഥമയുമായി മാര്‍ച്ച് നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ ഈ മാര്‍ച്ച് പൊലീസ് തടഞ്ഞു.

അതേസമയം, ഒരു കോളേജിലേക്കും മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്യാംപസിനകത്ത് പ്രതിഷേധം സംഘടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികള്‍ പുറത്താറിങ്ങാനിരുന്ന ഗേറ്റില്‍ പൊലീസ് നിലയുറപ്പിച്ചതോടെ അവര്‍ക്ക് പുറത്തിറങ്ങാനായില്ല.

റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പൊലീസിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയ പ്രിന്‍സിപ്പിലിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.