ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പ്രസ്താവനയില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ക്ക് അതൃപ്തി. വിജയരാഘവന്റെ വാക്കുകള്‍ അനവസരത്തിലുള്ളതാണെന്നാണ് നേതാക്കളുടെ പൊതു വിലയിരുത്തല്‍. അതേസമയം, വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനാര്‍ഥി പി.കെ.ബിജു ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ രംഗത്തെത്തി.

പ്രചാരണരംഗത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന മേല്‍ക്കൈക്ക് എ.വിജയരാഘവന്റെ പ്രസ്താവന തിരിച്ചടിയായെന്നാണ് ഇടതുനേതാക്കളുടെ വികാരം. വിവാദം ഫലത്തില്‍ ഗുണം ചെയ്തത് യു.ഡി.എഫിനാണ്. എതിരാളികള്‍ക്ക് ആയുധം നല്‍കുകയായിരുന്നു വിജയരാഘവന്‍. ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനകള്‍ക്കില്ലെന്നും ഘടകകക്ഷി നേതാക്കള്‍ വ്യക്തമാക്കി. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചായാല്‍ സി.പി.എം നേതൃത്വത്തെ അതൃപ്തി അറിയിക്കാനും നീക്കമുണ്ട്.

എന്നാല്‍ രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് വൈകാരികവിഷയം ഉയര്‍ത്തുന്നതെന്നായിരുന്നു ആലത്തൂര്‍ സ്ഥാനാര്‍ഥി പി.കെ.ബിജുവിന്റെ പ്രതികരണം. വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. പുറമെ ന്യായീകരിക്കുന്നുണ്ടെങ്കിലും, എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ സി.പി.എം നേതൃനിരയിലും അമര്‍ഷമുണ്ടെന്നാണ് സൂചന.

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവൻ. രമ്യക്ക് വേദനിച്ചെങ്കില്‍ അതിൽ വിഷമമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം തോല്‍ക്കും എന്നുമാത്രമാണ് ഉദ്ദേശിച്ചത്. രാഷ്ട്രീയമായ വിമര്‍ശനം തെറ്റിദ്ധാരണയുണ്ടാക്കുംവിധം വ്യാഖ്യാനിക്കപ്പെട്ടു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ഥം നൽകി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. ആരേയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം. രാഷ്ട്രീയനിലപാടിലെ വ്യത്യസ്ഥതയെ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കുന്നത് തുടരും. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത സുഹൃത്താണ്.

തന്റെ പ്രസംഗം ചില മാധ്യമങ്ങൾ ‘മറ്റൊരു റൂട്ടിലേക്ക്‌’ തിരിച്ചു വിട്ടു. ഏതെങ്കിലും ആളുകളെ വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. കൂടുതൽ സ്ത്രീകൾ പൊതുരംഗത്തേക്ക്‌ വരണമെന്നാണു നിലപാട്‌. തന്റെ ഭാര്യയും പൊതുപ്രവർത്തകയാണ്. വ്യക്തിപരമായ വിമർശനം എൽഡിഎഫിന്റെ നയമല്ല. എന്നാൽ ലീഗിന്റെ കൊള്ളരുതായ്മയെയും നിലപാടുകളെയും കാർക്കശ്യത്തോടെ എതിർക്കുക തന്നെ ചെയ്യും.

രമ്യയ്ക്കെതിരായ അശ്ലീലപരാമർശം വിവാദമായ സാഹചര്യത്തിലായിരുന്നു വിജയരാഘവന്റെ വിശദീകരണം. പരാമർശം അനവസരത്തിലെന്ന് ഇടതുനേതാക്കൾ പോലും വിലയിരുത്തി. എന്നാല്‍ പരസ്യപ്രസ്താവനക്ക് ആരും തയാറല്ല. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു പൊതുവികാരം

ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ ഇന്നലെയാണ് എ. വിജയരാഘവൻ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചത്. രമ്യ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവൻ മോശം രീതീയിൽ പരാമർശിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് കൺവൻഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമർശം

മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് കൺവൻഷൻ വേദിയിൽ എത്തുന്നതിന് തൊട്ടു മുൻപായിരുന്നു എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പ്രസംഗം. മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയിൽ പി.വി.അൻവറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ നേതാക്കൾ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവൻ ആലത്തൂർ സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ മോശം ഭാഷയിൽ ആണ് പരാമർശിച്ചത്

ബിരിയാണിയെന്നു കേട്ടാൽ പാർലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവൻ വിമർശിച്ചു. രമ്യ ഹരിദാസിനെതിരായ പരാമർശം പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.