പതിനാലാംമൈൽ ചാരുവിള പുത്തൻ വീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയുടെ കൊലപാതകത്തിനു തുമ്പുണ്ടാക്കിയത് കൊലപാതകം നടന്ന വീടിന് എതിർവശത്തായി കൊച്ചി–ധനുഷ്കോടി ദേശീയപാതയോരത്തെ സുഗന്ധവ്യഞ്ജന വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ.

സെലീനയുടെ മത്സ്യവ്യാപാരിയായ ഭർത്താവ് വൈകിട്ട് എട്ടുമണിയോടെ വീട്ടിലെത്തിയപ്പോളാണ് സെലീന കൊലചെയ്യപ്പട്ട നിലയിൽ വീടിനു പുറത്തു കിടക്കുന്നതു കണ്ടത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ വീടിനു മുൻവശത്തെ ദേശീയപാത മുറിച്ചുകടന്ന് യുവാവ് ഇവരുടെ വീട്ടിലേക്കു കയറുന്ന ദൃശ്യം കണ്ടു. എട്ടു മിനിറ്റുകൾക്ക് ശേഷം യുവാവ് വേഗത്തിൽ ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാനായി.

സെലീനയുടെ ഭർത്താവിനെ ദൃശ്യം കാണിച്ചതോടെയാണു വീടുമായി അടുപ്പമുള്ള ഗിരോഷാണിതെന്നു ബോധ്യപ്പെട്ടത്. രണ്ടാഴ്ച മുൻപാണു സുഗന്ധ വ്യഞ്ജന വിൽപനകേന്ദ്രത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. നേരത്തേ അടിമാലിയിൽ നടന്ന രാജധാനി കൂട്ടക്കൊലക്കേസിനും തുമ്പുണ്ടാ‌ക്കിയതു നിരീക്ഷണ ക്യാമറകളായിരുന്നു.

കഴുത്തിൽ കത്തി കുത്തിയിറക്കിയ ശേഷം മരണമുറപ്പിക്കാൻ സ്തനങ്ങളിലൊന്ന് അറുത്തുമാറ്റിയ യുവാവ് വീട്ടിലെത്തി ഉറങ്ങുന്നതിനിടെയാണു പിടിയിലായത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്.
സാമ്പത്തിക ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ്. സ്തനം പൊതിഞ്ഞ് ബാഗിലാക്കി വണ്ടമറ്റത്തെ വീട്ടിലെത്തി ഗിരോഷ് ഉറങ്ങി. ഇതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.അടിമാലി പതിനാലാംമൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന (41) ആണ് ചൊവ്വാഴ്ച രാത്രി എട്ടോടെ കഴുത്തിൽ കുത്തേറ്റു മരിച്ചത്.
ഇവരുടെ വീടിനു സമീപമുള്ള സുഗന്ധവ്യഞ്ജന വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ഗിരോഷിനെ വണ്ടമറ്റത്തെ വീട്ടിൽ നിന്ന് അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുപതിലേറെ മുറിവുകളാണു സെലീനയുടെ മൃതദേഹത്തിലുണ്ടായിരുന്നത്.
അടിമാലിയിൽ ഗിരോഷിന്റെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിൽ ജോലിനോക്കിവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഗിരോഷ് അടുപ്പത്തിലായിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയാറാകാത്തതിനെ തുടർന്ന് സെലീന, ഗിരോഷിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിലുള്ള വിരോധവും പിന്നീടുണ്ടായ സാമ്പത്തിക ഇടപാടുകളുമാണു കൊലപാതകത്തിനു പിന്നിലെന്നു ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. സെലീനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മടക്കുകത്തിയും സെലീന അണിഞ്ഞിരുന്ന മുക്കുപണ്ടവും ഗിരോഷിന്റെ വണ്ടമറ്റത്തെ വീട്ടിൽ കണ്ടെടുത്തി.
ചൊവാഴ്ച ഉച്ചയ്ക്കു 2.16ന് ഗിരോഷ് സെലീനയുടെ വീട്ടിലേക്കു കയറിപ്പോകുന്നതും എട്ടു മിനിറ്റിനുള്ളിൽ ഇറങ്ങിവരുന്നതും സെലീനയുടെ വീടിനുമുന്നിലുള്ള സുഗന്ധദ്രവ്യ വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നീട് പാതയോരത്തു വിശ്രമിച്ചശേഷം വീണ്ടും വീട്ടിലെത്തി സ്തനം മുറിച്ചെടുത്ത് ബാഗിലാക്കി വണ്ടമറ്റത്തെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. സിയാദാണു നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നു പ്രതിയെ തിരിച്ചറിഞ്ഞത്.

പൊലീസ് പറയുന്നത്:

സിയാദും സെലീനയും ചേർന്ന് കാർ വാങ്ങിയപ്പോൾ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള സിസി എടുത്തിരുന്നത് ഗിരോഷാണ്. ഗിരോഷിന്റെ ഭാര്യയുടെ പ്രസവാവശ്യത്തിനു പണം കൈവശമില്ലാതെ വന്നതോടെ ഇയാൾ ചൊവ്വാഴ്ച പണം ആവശ്യപ്പെട്ടാണ് സെലീനയുടെ വീട്ടിലെത്തിയത്. ഇതുസംബന്ധിച്ച് ഇരുവരും വാക്കേറ്റമുണ്ടായി. തുടർന്ന് മടക്കുകത്തി ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ ഇയാൾ കുത്തുകയായിരുന്നു. തുടർന്ന് കൈകളിലും മാറിടത്തിലും പലതവണ കുത്തി. ഇതിനുശേഷം മരണം ഉറപ്പിക്കാനാണ് ഇയാൾ സെലീനയുടെ ഇടതുമാറിടം അറുത്തു മാറ്റിയത്.
പതിനാലാം മൈലിലെ സെലീനയുടെ വീട്ടിലും വണ്ടമറ്റത്തെ പ്രതിയുടെ വീട്ടിലും പൊലീസ് ഗിരോഷിനെ എത്തിച്ച് തെളിവെടുപ്പു നടത്തി. കോട്ടയം മൊബൈൽ ഫോറൻസിക് ലാബ് ഓഫിസർ അശ്വതി ടി.ദാസ്, അസി. ശ്രീജിത് ബി.പിള്ള, ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധരായ കെ.ജയൻ, കെ.കെ.സുരേഷ്, ബൈജു സേവ്യർ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.

ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ അടിമാലി ടൗൺ ജുമാ മസ്ജിദിലെ ഖബറിസ്ഥാനിൽ ഖബറടക്കും. മൂന്നാർ ഡിവൈഎസ്പി: എസ്.അഭിലാഷ്, അടിമാലി സിഐ: പി. കെ.സാബു, എസ്ഐ: സന്തോഷ് സജീവ്, എഎസ്ഐ മാരായ സി.ആർ.സന്തോഷ്, അബ്ദുൾ കനി, എസ്‌സിപിഒമാരായ എം. എം.ഷാജു, പി.പി.ഷാജി, ഇ.ബി.ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

തട്ടിയെടുത്ത മാല മുക്കുപണ്ടം

സെലീനയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല, മുക്കുപണ്ടമെന്നു പ്രതി മനസ്സിലാക്കിയതു തെളിവെടുപ്പിനെത്തിച്ചപ്പോൾ. പണത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതോടെ സെലീന കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ചെടുത്ത് ഗിരോഷ് വണ്ടമറ്റത്തെ വീട്ടിലേക്കു പോയി.

10 മാസം 15 കൊലപാതകങ്ങൾ

ജില്ലയെ നടുക്കി കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. പൊലീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ 10 മാസത്തിനുള്ളിൽ ജില്ലയിൽ റിപ്പോർ‌ട്ട് ചെയ്തതു 15 കൊലപാതക കേസുകൾ. പിഞ്ചുകുട്ടിയുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങളാണു ജില്ലയിൽ അരങ്ങേറിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ കൊലപാതകങ്ങൾ വർധിച്ചതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ബന്ധുക്കളോ, കൊല്ലപ്പെട്ടവരുമായി ഏതെങ്കിലും തരത്തിൽ അടുപ്പമുള്ളവരോ ആണ് പ്രതിപ്പട്ടികയിൽ ഏറെയുമെന്നു പൊലീസ് പറയുന്നു.

വീട് പുറത്തുനിന്ന് പൂട്ടിയിരുന്നത് മറയാക്കി കൊലപാതകം

സെലീനയുടെ വീട്ടിൽ കൊലപാതകി എത്തുമ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നതു കൊലപാതകം പെട്ടെന്നു പുറത്തറിയാതിരിക്കാൻ പ്രതിയെ സഹായിച്ചെന്നു പൊലീസ്. ഗിരോഷ് എത്തുന്ന നേരത്തു വീടിനു പുറകുവശത്ത് തുണിനനയ്ക്കുകയായിരുന്നു സെലീന. വീടിനു പുറകിലെത്തി ഗിരോഷ് സെലീനയുമായി സംസാരിച്ച് തർക്കത്തിലായി. തർക്കം മൂർച്ഛിച്ചതോടെ അവിടെവച്ചു കൊലപാതകം നടത്തിയശേഷം വീടിന്റെ വരാന്തഭാഗത്തു മൃതദേഹം കിടത്തി ഗിരോഷ് മുങ്ങി.

തൊട്ടടുത്തുള്ള വീടുകളിൽ ഈസമയം ആളുകൾ ഇല്ലാതിരുന്നതു കൊലപാതകം സുഗമമായി നടത്താൻ സാഹചര്യമൊരുക്കി. കൊച്ചി–ധനുഷ്കോടി ദേശീയപാതയോരത്തുള്ള വീട്ടിലാണു കൊലപാതകം നടന്നത്. വീടിന്റെ മുൻവശം പടുത ഉപയോഗിച്ച് മറച്ചിരുന്നതിനാൽ റോഡിൽനിന്നു നോക്കിയാൽ വീടിന്റെ പിൻഭാഗം കാണാൻ കഴിയാത്തതും കൃത്യം നടത്താൻ സാഹയകമായി

അടിമാലി പൊലീസിന് വീണ്ടും മികവിന്റെ പൊൻതൂവൽ
രാജധാനി കൂട്ടക്കൊലക്കേസിന് പിന്നാലെ പതിനാലാം മൈൽ കൊലപാതകം മണിക്കൂറിനുള്ളിൽ തെളിയിച്ച് പ്രതിയെ അറസ്റ്റുചെയ്യാൻ കഴിഞ്ഞതുവഴി കേസ് അന്വേഷണത്തിൽ മികവിന്റെ വഴിയിൽ വീണ്ടും അടിമാലി പൊലീസ്. 2015 ഫെബ്രുവരി 13നാണ് അടിമാലി രാജധാനി കൂട്ടക്കൊലക്കേസ് അരങ്ങേറിയത്.

ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കർണാടക സ്വദേശികളായ മൂന്നംഗസംഘം കൊലപ്പെടുത്തി പതിനേഴ് പവൻ സ്വർണാഭരണങ്ങളും മറ്റും തട്ടിയെടുക്കുകയായിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടന്ന കൊലപാതകത്തിന് തെളിവുണ്ടാക്കി ഒന്നരമാസത്തിനുള്ളിൽ രണ്ട് പ്രതികളെയും ഒരുവർഷത്തിനുള്ളിൽ മൂന്നാം പ്രതിയെയും അറസ്റ്റുചെയ്യാൻ കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ അടിമാലി പൊലീസിനായി.
ഇതിനു പിന്നാലെയാണ് അടിമാലി സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച നടന്ന കൊലപാതകത്തിന് തുമ്പുണ്ടാക്കി പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റുചെയ്ത്