ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടണിൽ നിലവിലുള്ള നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കുവാൻ കുറഞ്ഞ സാലറിയിൽ, കുറഞ്ഞ യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കാൻ എൻഎച്ച് എസ് നീക്കം. എൻഎസ്എസിന്റെ പക്കൽ നിന്നും ചോർന്ന രേഖകളിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള പതിനായിരത്തോളം നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് നീക്കം. എന്നിരുന്നാൽ തന്നെയും വീണ്ടും ഇരുപതിനായിരത്തോളം നേഴ്സുമാരുടെ കുറവുണ്ട് എന്നാണ് രേഖകൾ പറയുന്നത്.

2024 ഓടു കൂടി അൻപതിനായിരം അധികം നേഴ്സുമാരെ റിക്രൂട്ട് ചെയ്യും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. എൻ എച്ച് എസിൽ നിന്നും പുറത്തുവന്ന രേഖ അനുസരിച്ച് 10, 200 ഓളം നേഴ്സിംഗ് അസോസിയേറ്റുമാരെ നിയമിക്കുമെന്നാണ്. രണ്ടു വർഷത്തെ നേഴ്സിംഗ് കോഴ്സ് കഴിഞ്ഞവരെയാണ് നേഴ്സിംഗ് അസോസിയേറ്റുമാരായി നിയമിക്കുന്നത്. രജിസ്റ്റേഡ് നേഴ്സുമാരെ അപേക്ഷിച്ച് ട്രെയിനിങ് കുറവാണ് ഇവർക്ക്.

എന്നാൽ ഇത്തരത്തിൽ യോഗ്യത കുറവുള്ള നേഴ്സുമാരെ നിയമിക്കുന്നത് രോഗികളുടെ ജീവന് ആപത്താണെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിലവിലുള്ള നാല്പതിനാലായിരത്തോളം വേക്കൻസികൾ എങ്ങനെ നിറയ്ക്കാം എന്നതിനെപ്പറ്റിയുള്ള രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.