ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ ലേണേഴ്‌സ് ഡ്രൈവര്‍മാര്‍ക്ക് ഇനിമുതല്‍ മോട്ടോര്‍ വേയിലൂടെ വാഹനമോടിക്കാം. പുതിയ ഭേദഗതി 2018 ജൂണ്‍ നാല് മുതല്‍ നിലവില്‍ വരും. ഡ്രൈവിംഗ് പഠനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് അധികൃതര്‍ പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. പുതിയ പദ്ധതി മോട്ടോര്‍ വേയിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് ഡ്രൈവര്‍മാരെ സഹായിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയിച്ചതിന് ശേഷം മാത്രമെ മോട്ടോര്‍ വേയില്‍ കയറാന്‍ കഴിയൂ. പാസ് പ്ലസ് സ്‌കീമിലൂടെയാണ് പുതിയ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വേയെ പരിചയപ്പെടാന്‍ സാധിക്കുക. എന്നാല്‍ പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ പഠന സാഹചര്യങ്ങള്‍ മാറും.

മോട്ടോര്‍ വേ ഉപയോഗിക്കുന്ന ലേണര്‍ ഡ്രൈവറിന്റെ കൂടെ അംഗീകാരം ലഭിച്ചിട്ടുള്ള ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇന്‍സ്ട്രക്ടര്‍മാര്‍ ട്രെയിനികളായിരിക്കാന്‍ പാടില്ല. കൂടാതെ ഡ്യുവല്‍ കണ്‍ട്രോളുകള്‍ ഉള്ള വാഹനം മാത്രമെ ഉപയോഗിക്കാനാവൂ. മോട്ടോര്‍ ബൈക്ക് പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ നിയമം ബാധകമല്ല. അവര്‍ക്ക് മോട്ടോര്‍ വേ പഠനത്തിനായി ഉപയോഗിക്കുന്നതിലുള്ള വിലക്ക് തുടരും. പുതിയ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് ഡ്രൈവിംഗ് ഇന്‍സ്ട്രക്മാര്‍ക്കും ലേണേഴ്‌സിനും തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായകമാവുമെന്നാണ് കരുതുന്നത്. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും പുതിയ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലേണേഴ്‌സ് വാഹനങ്ങള്‍ മറ്റുള്ള വാഹനങ്ങളില്‍ നിന്ന് കൃത്യമായി അകലം പാലിച്ച് മാത്രമെ ഓടിക്കാന്‍ പാടുള്ളു. റോഡില്‍ നനവുള്ളസമയങ്ങളിലും മഞ്ഞ് വീഴ്ച്ചയുള്ള സമയത്തും കൂടുതല്‍ അകലം പാലിച്ച് വേണം വാഹനമോടിക്കാന്‍. പുതിയ ഡ്രൈവര്‍മാര്‍ക്ക് കൂടൂതല്‍ മെച്ചപ്പെട്ട പഠന സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് നിര്‍ദേശങ്ങള്‍. കാറിന് മുകളില്‍ പതിക്കുന്ന എല്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്‍സ്ട്രക്ടര്‍ക്ക് കൈക്കൊള്ളാവുന്നതാണ്. എന്നാല്‍ മുകളിലെ എല്‍ ബോര്‍ഡ് എടുത്തു കളഞ്ഞാല്‍ കാറിന് മുന്‍വശത്തും പിറകിലും എല്‍ ബോര്‍ഡ് സ്ഥാപിക്കണം. പുതിയ മാറ്റത്തോട് അനുബന്ധിച്ച ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കില്ല. ദി ഡ്രൈവിംഗ് ആന്റ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി നല്‍കിവരുന്ന പരിശീലനം ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് തുടരും.

ടെസ്റ്റിന് മുന്‍പ് വിശാലമായ ഡ്രൈവിംഗ് അനുഭവങ്ങള്‍ ലഭ്യമാക്കുക, മോട്ടോര്‍വേയില്‍ കടക്കുന്നതിനും ഇറങ്ങുന്നതിനുമുള്ള പരിശീലനം നല്‍കുക, വാഹനങ്ങളെ മറികടക്കുന്നത് പരിശീലിക്കുക, സ്പീഡ് ലൈന്‍ ഉപയോഗം കൃത്യതയുള്ളതാക്കുക, വേഗതയില്‍ വാഹനമോടിച്ച് പഠിക്കുക, മോട്ടോര്‍വേയിലെ ട്രാഫിക് സിഗ്നലുകള്‍ മനസിലാക്കുക, മോട്ടോര്‍വേയില്‍ വെച്ച് വാഹനം തകരാറിലായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് പഠിക്കുക, മോട്ടോര്‍വേയിലൂടെ വാഹനമോടിക്കാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നിയമ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്.