വൃദ്ധയെ തളളിയിട്ട് മാലപറിച്ചു സ്കൂട്ടറിൽ മുങ്ങിയ കള്ളൻ; ആജാനുബാഹുവായ കളളനെ കീഴ്‌പ്പെടുത്തിയത് ട്രാഫിക് പൊലീസുകാരന്‍ ബുദ്ധി, സംഭവത്തിന്റെ ട്വിസ്റ്റ് വെളിപ്പെടുത്തി ബിജുകുമാർ

വൃദ്ധയെ തളളിയിട്ട് മാലപറിച്ചു സ്കൂട്ടറിൽ മുങ്ങിയ കള്ളൻ;  ആജാനുബാഹുവായ കളളനെ കീഴ്‌പ്പെടുത്തിയത് ട്രാഫിക് പൊലീസുകാരന്‍ ബുദ്ധി,  സംഭവത്തിന്റെ ട്വിസ്റ്റ് വെളിപ്പെടുത്തി ബിജുകുമാർ
February 11 09:10 2019 Print This Article

തിരുവനന്തപുരം പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നുള്ള റോഡില്‍ വഴി ചോദിക്കാനെന്ന ഭാവത്തില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ ഞെട്ടിക്കുന്ന സംഭവമായിരുന്നു അത്. പട്ടാപ്പകല്‍ വൃദ്ധയുടെ മാലപൊട്ടിച്ച് അതിക്രൂരമായി അവരെ തള്ളിയിട്ട് പോകുന്ന മോഷ്ടാവിന്റെ ദൃശ്യം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പൊലീസ് അതീവ ജാഗ്രതയോടെ വിഷയം ഏറ്റെടുക്കുകയും ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി 33 കാരനായ സജീവിനെ പൊലീസ് പിടികൂടി.
ബലിഷ്ഠനും ആജാനുബാഹുവുമായ കളളനെ പിടികൂടിയത് ഒരു ട്രാഫിക് പൊലീസ് ഓഫീസറായിരുന്നു.

എങ്ങനെയാണ് ട്രാഫിക് പൊലീസുകാരനായ ബിജുകുമാര്‍ ഒറ്റയ്ക്ക് സജീവിനെ കീഴ്‌പ്പെടുത്തിയത് എന്നതായിരുന്നു എല്ലാവരുടെയും സംശയം. ഇവിടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ്. എതിരാളി ശക്തനാണെങ്കില്‍ ബുദ്ധി പ്രയോഗിക്കണം എന്ന സാമാന്യ തത്വമായിരുന്നു ബിജുകുമാര്‍ പ്രയോഗിച്ചത്. അതും അപ്രതീക്ഷിതമായൊരു കീഴടക്കല്‍. പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്റെ മാലയും മോഷ്ടിച്ച് സജീവ് നേരെ എത്തിയത് കനകക്കുന്നിലേക്കായിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി കനകക്കുന്നിലേക്ക് കയറി.

ഇതിനകം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വണ്ടിയുടെ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയം മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ബിജുകുമാര്‍. വയര്‍ലെസ് വഴി സ്‌കൂട്ടറിന്റെ നമ്പറടക്കമുള്ള വിവരങ്ങള്‍ ബിജുകുമാറിനും കിട്ടി. കനകക്കുന്നിലെ പാര്‍ക്കിങ് ഏരിയയില്‍ ബിജുകുമാര്‍ വെറുതെ ഒരു പരിശോധന നടത്തി. പെട്ടെന്ന് ആ നമ്പര്‍ കണ്ണിലുടക്കി. അതേ നമ്പറിലുള്ള സ്‌കൂട്ടര്‍.

ആളെ കണ്ടെത്താനായി നോക്കിനില്‍ക്കുന്നതിനിടെ കളളന്‍ സ്‌കൂട്ടറിനടുത്തെത്തി. നല്ല ആരോഗ്യമുള്ള സജീവിനെ തനിക്ക് ഒറ്റയ്ക്ക് കീഴ്‌പെടുത്താനാവില്ലെന്ന് ബിജുകുമാറിന് മനസിലായി. സ്റ്റേഷനിലേക്ക് വിളിച്ച് കൂടുതല്‍ പൊലീസുകാരെ വരുത്തുന്നതിനിടയില്‍ പ്രതി രക്ഷപ്പെട്ടേക്കുമെന്നും തോന്നി. അയാളെ എങ്ങനെയെങ്കിലും അടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കണം. അതിനായി ബിജു വളരെ സമര്‍ത്ഥമായി കരുക്കള്‍ നീക്കി.

സ്‌കൂട്ടര്‍ നോ പാര്‍ക്കിങ്ങിലാണെന്നും സ്റ്റേഷനിലെത്തി പിഴയടക്കണമെന്നും സജീവിനോട് ബിജു യാതൊരു ഭാവവ്യത്യാസവും കൂടാതെ പറഞ്ഞു. സംശയം തോന്നാതിരുന്ന സജീവ് സ്റ്റേഷനിലേക്ക് എത്തിയതോടെ മറ്റ് പൊലീസുകാരോട് ബിജുകുമാര്‍ കാര്യങ്ങള്‍ അറിയിച്ചു. പൊലീസുകാര്‍ സ്റ്റേഷനില്‍ തന്നെ വളഞ്ഞതോടെ അനങ്ങാന്‍ പറ്റാതെ സജീവ് കുടുങ്ങി. അങ്ങനെ ക്രൂരമായി വൃദ്ധയുടെ മാലപൊട്ടിച്ചതടക്കം മൂന്ന് കേസുകള്‍ തെളിഞ്ഞു.

കള്ളനെ പിടികൂടിയതിന് ബിജുകുമാറിനും സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ തന്നെ ശരത് ചന്ദ്രനും പ്രശംസാ പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ അനുമോദിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles