അമേരിക്കന്‍ സംഗീത ഇതിഹാസം ജോണ്‍ പ്രൈനും കോവിഡ് ബാധിതനായി അന്തരിച്ചു

അമേരിക്കന്‍ സംഗീത ഇതിഹാസം ജോണ്‍ പ്രൈനും കോവിഡ് ബാധിതനായി അന്തരിച്ചു
April 08 10:04 2020 Print This Article

അമേരിക്കന്‍ സംഗീത ഇതിഹാസം ജോണ്‍ പ്രൈനും മരണം വിധിച്ച് കൊവിഡ്. വൈറസ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനമാണ് 79 കാരനായ പ്രൈനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച മുതല്‍ നാഷ്‌വില്ലയിലെ വാന്‍ഡെര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ട്രലില്‍ വെന്റിലേറ്ററിലായിരുന്നു പ്രൈന്‍. ചൊവ്വാഴ്ച്ച അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

അഞ്ചുദശാബ്ദത്തോളം തന്റെ സംഗീതത്തിലൂടെ ലോകത്തിന്റെ ശ്രദ്ധയില്‍ നിറഞ്ഞു നിന്ന ഗായകനും പാട്ടെഴുത്തുകാരനുമായിരുന്നു പ്രൈന്‍. സാം സ്റ്റോണ്‍, വെന്‍ ഐ ഗെറ്റ് ടു ഹെവന്‍, ഇല്ലീഗല്‍ സ്‌മൈല്‍, ഹെലോ ഇന്‍ ദെയര്‍, പാരഡൈസ്, സുവനിയേഴ്‌സ് തുടങ്ങി പ്രൈനിന്റെ പാട്ടുകള്‍ അമേരിക്കയില്‍ മാത്രമായിരുന്നില്ല തരംഗം സൃഷ്ടിച്ചത്. അഞ്ചു തവണ ഗ്രാമി പുരസ്‌കാരങ്ങള്‍ക്കും പ്രൈന്‍ അര്‍ഹനായി.

ചെറുകഥകള്‍ പോലെയായിരുന്നു പ്രൈനിന്റെ പാട്ടുകള്‍. പാട്ടെഴുത്തിലെ മാര്‍ക് ടൈ്വന്‍ എന്ന വിശേഷണം അതിലൂടെ കിട്ടുന്നതാണ്. ആസ്വാദകരോട് സംവാദിച്ചുകൊണ്ട് അദ്ദേഹം പാടി. ആ പാട്ടുകളില്‍ മൂര്‍ച്ചയേറിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഒരു കലാകാരന്റെ രാഷ്ട്രീയപ്രവര്‍ത്തനം അവന്റെ സൃഷ്ടികളൂടെയാണെന്നതിന്റെ തെളിവായിരുന്നു ജോണ്‍ പ്രൈന്‍. ഭരണകൂടത്തിന്റെ തെറ്റായ ചെയ്തികളെ അദ്ദേഹം പാട്ടിലൂടെ വിചാരണ ചെയ്തു.

സാം സ്റ്റോണ്‍ എന്ന ഗാനം വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെടുത്തി സ്വന്തം രാജ്യത്തോടു തന്നെയുള്ള പ്രതിഷേധമായിരുന്നു. സാധാരണക്കാരെ മാത്രമല്ല, സംഗീത ലോകത്തെ പ്രമുഖരെയും തന്റെ ആസ്വാദകരാക്കി പ്രൈന്‍. സാക്ഷാല്‍ ബോബ് ഡിലന്റെ ഇഷ്ടപ്പെട്ട ഗാനരചയിവായിരുന്നു പ്രൈന്‍. മനോഹരമായ പാട്ടുകള്‍ എന്നാണ് പ്രൈന്റെ വരികളെ ഡിലന്‍ വിശേഷിപ്പിച്ചത്. മനുഷ്യജീവിതങ്ങളും ലോകസത്യങ്ങളുമൊക്കെയായിരുന്നു പ്രൈനിന്റെ പാട്ടുകളില്‍ നിറഞ്ഞിരുന്നത്. വലിയ സൂപ്പര്‍ ഹിറ്റുകള്‍ എന്നു പറയാവുന്ന ആല്‍ബങ്ങളും പാട്ടുകളുമല്ലാതിരുന്നിട്ടും ലോകം പ്രൈനിന്റെ പാട്ടുകള്‍ക്ക് കാതോര്‍ത്തതും പിന്തുടര്‍ന്നതും അതുകൊണ്ടായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles