ചിട്ടിയില്‍ കുടുങ്ങി പണം നഷ്ടമായ യുകെ മലയാളികള്‍ക്ക് ആശ്വാസമായി ലെസ്റ്റര്‍ കോടതിയുടെ വിധി, മുഴുവന്‍ ചിട്ടിപ്പണവും കോടതിചെലവും നല്‍കണമെന്ന് കോടതി

ചിട്ടിയില്‍ കുടുങ്ങി പണം നഷ്ടമായ യുകെ മലയാളികള്‍ക്ക് ആശ്വാസമായി ലെസ്റ്റര്‍ കോടതിയുടെ വിധി, മുഴുവന്‍ ചിട്ടിപ്പണവും കോടതിചെലവും നല്‍കണമെന്ന് കോടതി
April 19 07:39 2018 Print This Article

ലെസ്റ്റര്‍. യുകെ മലയാളികള്‍ ഉറ്റു നോക്കിയിരുന്ന ഒരു കേസിലെ വാദം ഇന്നലെ ലെസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയിലെ കോര്‍ട്ട് റൂം ഒന്‍പതില്‍ നടന്നു. വന്‍തുകയുടെ നിരവധി ചിട്ടികള്‍ നടത്തുകയും ഒടുവില്‍ ചിട്ടി പൊളിഞ്ഞത് മൂലം നിരവധി പേര്‍ക്ക് പണം നല്‍കാതെ വന്നതിനെ തുടര്‍ന്ന് വന്‍വിവാദമാവുകയും ചെയ്ത കേസിലെ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് ലെസ്റ്ററില്‍ താമസക്കാരായ കിടങ്ങൂര്‍ സ്വദേശികളായ സുനില്‍ ജേക്കബ്, ഷാന്റി സുനില്‍ ദമ്പതികളും വാദി ഭാഗത്ത് വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന്‍ ലൂക്കോസുമായിരുന്നു.

ലെസ്റ്റര്‍ മലയാളികളും അല്ലാത്തവരുമായ നിരവധി മലയാളികള്‍ സുനില്‍ നടത്തുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. ഏഴോളം ചിട്ടികള്‍ നടത്തിയിരുന്ന സുനില്‍ അവസാനം നടത്തിയ മൂന്ന് ചിട്ടികളില്‍ ആണ് പണം നല്‍കാതെ ആളുകളെ വട്ടം കറക്കിയത്. പണം നഷ്ടമായതോടെ സംഭവം വിവാദമാവുകയും അസോസിയേഷന്‍, സാമുദായിക സംഘടന തുടങ്ങിയവയില്‍ ഒക്കെ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍, സാമുദായിക നേതാക്കള്‍ ഇടപെട്ട് കുറച്ച് പേരുടെ പണം തിരികെ നല്‍കിക്കുകയും പണം ലഭിക്കാതെ വന്നവര്‍ കേരളത്തിലും യുകെയിലും കേസ് നല്‍കുകയുമായിരുന്നു.

വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന്‍ ലൂക്കോസ് നല്‍കിയ കേസില്‍ ആയിരുന്നു ഇന്നലെ വിധി പറഞ്ഞത്. ചിട്ടി ലഭിക്കേണ്ടിയിരുന്ന 15000 പൗണ്ടും വായ്പയായി നല്‍കിയ 2500 പൗണ്ടും ആയിരുന്നു ജയ്മോന് ലഭിക്കാനുണ്ടായിരുന്നത്. ജയ്മോന്റെ സുഹൃത്തും സുനിലിന്‍റെ സഹോദരനുമായ അനില്‍ വഴിയാണ് ജയ്മോന്‍ ചിട്ടിയില്‍ ചേരാന്‍ ഇടയായത്. എന്നാല്‍ പണം നല്‍കേണ്ട ഘട്ടമെത്തിയപ്പോള്‍ സുനില്‍ ജേക്കബ് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. നിരവധി തവണ പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല പകരം ജയ്മോനെ അപമാനിക്കാനും കള്ളക്കേസില്‍ കുടുക്കാനും ആയിരുന്നു സുനില്‍ ശ്രമിച്ചത്.

ഇതിനെ തുടര്‍ന്നാണ്‌ ജയ്മോന്‍ ലൂക്കോസ് സുനില്‍ ജേക്കബിനും ഭാര്യ ഷാന്റി സുനിലിനും എതിരെ നിയമ നടപടികള്‍ സ്വീകരിച്ചത്. ഈ കേസിലെ അന്തിമ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. വാദിഭാഗവും പ്രതിഭാഗവും ശക്തമായ രീതിയില്‍ അവരുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ച കോടതിയില്‍ ചില നാടകീയ മുഹൂര്‍ത്തങ്ങളും അരങ്ങേറി. പ്രതിഭാഗത്തെ വിസ്തരിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദ്വിഭാഷിയെ വച്ച് കോടതിയില്‍ ഹാജരായ സുനിലിന് വേണ്ടി ഈ ജോലി നിര്‍വഹിച്ച വ്യക്തി ചില കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും നടത്തിയത് വാദിയായ ജയ്മോന്‍ എതിര്‍ത്തതാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതിനെ തുടര്‍ന്ന് ജഡ്ജി കോടതിയില്‍ നിന്ന് ഇറങ്ങിപ്പോവുക വരെയുണ്ടായി.

ഇപ്പോള്‍ കേരളത്തില്‍ ഉള്ള ജയ്മോന്‍ ലൂക്കോസിന്റെ സഹോദരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവ് നല്‍കിയത് കേസില്‍ മറ്റൊരു സവിശേഷതയായി. എന്തായാലും വാദം പൂര്‍ത്തിയായപ്പോള്‍ കോടതി നിഗമനത്തില്‍ എത്തിയത് സുനില്‍ ചിട്ടി നടത്തിയ വകയില്‍ ജയ്മോന്‍ ലൂക്കോസിനു പണം നല്‍കാനുണ്ട് എന്നത് തന്നെയായിരുന്നു. സുനില്‍, ഭാര്യ ഷാന്റി എന്നിവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ ആണെന്നും പതിനാല് ദിവസത്തിനുള്ളില്‍ ഈ പണവും കോടതി ചെലവും മറ്റും ഉള്‍പ്പെടെ 26000 പൗണ്ട് പരാതിക്കാരന് നല്‍കണം എന്നുമായിരുന്നു കോടതിയുടെ വിധി.

യുകെയില്‍ മലയാളികള്‍ നടത്തിയ ചിട്ടികളില്‍ ചേര്‍ന്ന് പണം നഷ്ടമായ നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന ഒരു വിധിയാണ് ലെസ്റ്റര്‍ കോടതിയില്‍ ഉണ്ടായിരിക്കുന്നത്. യുകെയില്‍ ചിട്ടി നടത്തുന്നതും ചിട്ടിയില്‍ ചേരുന്നതും നിയമ വിരുദ്ധമാണെന്നും അതിനാല്‍ തന്നെ ചിട്ടിയില്‍ നഷ്‌ടമായ പണത്തിനു വേണ്ടി കേസിന് പോയാല്‍ പുലിവാലാകുമെന്നും കരുതി നിശബ്ദരായിരുന്ന ആളുകള്‍ക്ക് ഇനി ധൈര്യമായി കോടതിയെ സമീപിക്കാം എന്നതാണ് ഈ വിധിയിലെ ഒരു സുപ്രധാന നേട്ടം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles