ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിപദത്തിലേക്ക്. ഭരണകക്ഷിയായ ഫൈന്‍ ഗെയിലിന്റെ നേതാവായ ലിയോ വരാഡ്കര്‍ ആണ് പുതിയ പ്രധാനമന്ത്രി. 38കാരനായ വരാഡ്കറിന്റെ പിതാവ് മുംബൈയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് കുടിയേറിയയാളും അമ്മ അയര്‍ലന്‍ഡ്കാരിയുമാണ്. പ്രധാനമന്ത്രിയായിരുന്ന എന്‍ഡകെന്നി രാജിവെച്ച ഒഴിവിലാണ് വരാഡ്കര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും ഇതോടെ കരസ്ഥമാക്കിയ വരാഡ്കര്‍ പ്രഖ്യാപിത സ്വവര്‍ഗ പ്രേമി കൂടിയാണ്.

നിലവിലെ മന്ത്രിസഭയില്‍ ക്ഷേമകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു വരികയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ടുകള്‍ നേടിയതോടെയാണ് വരാഡ്കര്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരിസ്ഥിതി മന്ത്രിയായ സൈമണ്‍ കോവെനിയെയാണ് വരാഡ്കര്‍ പരാജയപ്പെടുത്തിയത്. വരുന്ന 13-ാം തിയതി പാര്‍ലമെന്റ് ചേരുമ്പോള്‍ ഇദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.

2007ലാണ് പാര്‍ലമെന്റംഗമായി വരാഡ്കര്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്‍ മൂന്ന് ക്യാബിനറ്റ് ചുമതലകള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1960 മുതല്‍ എല്ലാ പ്രധാനമന്ത്രിമാരും ധനകാര്യം, വിദേശകാര്യം എന്നിവയിലേതെങ്കിലും ചുമതലകള്‍ വഹിച്ചിരുന്നു. വരാഡ്കറുടെ മുന്‍ഗാമിയായ കെന്നിയാണ് ഈ പതിവ് തെറ്റിച്ചത്. 2015ലാണ് വരാഡ്കര്‍ സ്വവര്‍ഗ പ്രേമിയാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. സ്വവര്‍ഗ വിവാഹം ആദ്യമായി നിയമവിധേയമാക്കിയ രാജ്യമാണ് അയര്‍ലന്‍ഡ്.