ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഒരു മിസിംഗ് കേസ് എന്ന രീതിയിൽ പതിവ് അന്വേഷണത്തിലായിരുന്നു പൊലീസിന് വഴിത്തിരിവായത് പനത്തുറയിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഫോൺ കോൾ. കോവളത്തിനടുത്ത് പനത്തുറ പുനംതുരത്തിലെ ചെന്തിലക്കരിയിലെ കണ്ടൽകാട്ടിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടു എന്നായിരുന്നു തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺകോൾ. ഫോൺ കോളിന് പിന്നാലെ എസ്.ഐയും സംഘവും ചെന്തിലക്കരിയിലേക്ക് പാഞ്ഞു.

വിദേശ മോഡൽ വസ്ത്രങ്ങളും ചെമ്പിച്ച മുടിയും. പ്രാഥമിക പരിശോധനയിൽ വിദേശ വനിതയുടേതാണെന്ന സംശയം ഉടലെടുത്തു. ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന സംശയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കണ്ടൽകാട്ടിൽ ശിരസറ്റ നിലയിലായിരുന്നു മൃതദേഹം. അതോടെ ദുരൂഹത മണത്തു. പെട്ടെന്ന് ആർക്കും കടന്നുചെല്ലാൻ പറ്റാത്ത കണ്ടൽകാട്ടിൽ സ്ഥലപരിചയമില്ലാത്ത ലിഗ എങ്ങനെ എത്തപ്പെട്ടു എന്ന ചിന്തയിൽ അന്വേഷണം തുടങ്ങി. അതിനിടെ ലിഗയ്ക്കുവേണ്ടിയുള്ള തെരച്ചിലിനായി കാസർകോട്ട് ഉണ്ടായിരുന്ന ഭർത്താവ് ആൻഡ്രുവിനെയും സഹോദരി ഇലിസയേയും വിവരം അറിയിച്ചു. ഇരുവരും അടുത്തദിവസം തലസ്ഥാനത്തെത്തി. വസ്ത്രങ്ങളും മുടിയും കണ്ട് മൃതദേഹം ലിഗയുടെതാണെന്ന് തിരിച്ചറിഞ്ഞു.

അവരിൽ നിന്ന് പുതിയ വിവരങ്ങൾ കിട്ടി. മൃതദേഹത്തിനരികെ കാണപ്പെട്ട ചെരിപ്പ്, മാല, ഓവർകോട്ട് എന്നിവ ലിഗയുടേതല്ല. അതോടെ സംഭവത്തിന് പിന്നിൽ മറ്റാർക്കോ ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലിസ് നീങ്ങി. അതിനിടെ മൃതദേഹം ലിഗയുടേതാണോ എന്ന് ഉറപ്പിക്കാൻ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ഡി.എൻ.എ ടെസ്റ്റ് നടത്തി. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ലിഗയുടെ കഴുത്തെല്ലിന് ഉണ്ടായ തിരിവും പേശികളിൽ കാണപ്പെട്ട ബലപ്രയോഗ ലക്ഷണങ്ങളും തലച്ചോറിലെ ഗ്രന്ഥികളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ പുറത്തുവന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു അതിലെ സൂചന.

അതോടെ കൊലപാതകമാണെന്ന നിഗമനത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. ലിഗ കോവളത്ത് നിന്ന് സിഗററ്റും വെള്ളവും വാങ്ങിയ സൂചനകൾ അങ്ങനെ കിട്ടി. കോവളം ബീച്ചിൽ ചുറ്റിത്തിരിയുന്ന ഗൈഡുകൾ ആരെങ്കിലും വശീകരിച്ചിരിക്കുമോ എന്ന സാദ്ധ്യത പരതി. അത് ശരിയായ വഴിയായിരുന്നു. ഇത്തരത്തിലൊരാൾ ലിഗയുമായി ബീച്ചിൽ സംസാരിക്കുന്നത് കണ്ടെന്ന വിവരം കിട്ടി. ഇയാളെ തിരിച്ചറിഞ്ഞു. എന്നാൽ, ആൾ മുങ്ങിയതായി കണ്ടെത്തി. മറ്റുചില കേസുകളിൽ പ്രതിയാണെന്ന് കൂടി തിരിച്ചറിഞ്ഞതോടെ സംശയം ബലപ്പെട്ടു.