ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി നാഗ്പുരിൽ കോഹ്‌ലിപ്പടയുടെ തേരോട്ടം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 239 റൺസിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. 405 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി കളത്തിലിറങ്ങിയ ലങ്കയെ ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ ഇന്ത്യൻ ബോളർമാർ 166 റൺസിന് ഓൾഔട്ടാക്കി. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിന്റെ മികവിലാണ് ഇന്ത്യയുടെ പടയോട്ടം. ലങ്കയുടെ അവസാന ബാറ്റ്സ്മാൻ ഗാമേജിനെ പുറത്താക്കിയാണ് അശ്വിൻ ചരിത്ര നേട്ടം കൈവരിച്ചത്.

54–ാം ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിൻ 56-ാം ടെസ്റ്റിൽ റെക്കോർഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോർഡാണ് തകർത്തത്. 66–ാം ടെസ്റ്റിൽ ഈ നേട്ടത്തിലെത്തിയ അനിൽ കുംബ്ലെയുടെ ഇന്ത്യൻ റെക്കോർഡും അശ്വിൻ മറികടന്നു. ഈ വിജയത്തോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലെത്തി. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

ഈ ടെസ്റ്റിലാകെ അശ്വിന്‍ എട്ടു വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിലും നാലു വിക്കറ്റെടുത്ത അശ്വിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരാണ് ലങ്കയെ തകർത്തത്. 82 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലാണ് ലങ്കയുടെ ടോപ് സ്കോറർ. ഒൻപതാം വിക്കറ്റിൽ സുരംഗ ലക്മലുമൊത്ത് ചണ്ഡിമൽ കൂട്ടിച്ചേർത്ത 58 റൺസ് കൂട്ടുകെട്ടാണ് ലങ്കയുടെ തോൽവിഭാരം കുറച്ചതും ഇന്ത്യയുടെ വിജയം വൈകിച്ചതും.

നേരത്തെ, കരിയറിലെ 19–ാം ടെസ്റ്റ് സെഞ്ചുറിക്ക് ഇരട്ടസെഞ്ചുറിയുടെ അഴകു ചാർത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കോഹ്‍ലിയുടെ ഇരട്ടസെഞ്ചുറിക്കു പുറമെ ഓപ്പണർ മുരളി വിജയ് (128), ചേതേശ്വർ പൂജാര (143), രോഹിത് ശർമ (പുറത്താകാതെ 102) എന്നിവരുടെയും മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 610 റൺസെടുത്ത ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 405 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 205 റൺസിനു പുറത്തായിരുന്നു.

രോഹിത് സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയായിയിരുന്നു ഡിക്ലറേഷൻ. ഇന്ത്യൻ ഇന്നിങ്സിൽ നാലു താരങ്ങൾ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും 2007ൽ ബംഗ്ലദേശിനെതിരെയുമാണ് മുൻപ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 160 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെയാണ് രോഹിത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. അഞ്ചു പന്തിൽ ഒരു റണ്ണെടുത്ത വൃദ്ധിമാൻ സാഹ രോഹിതിനൊപ്പം പുറത്താകാതെ നിന്നു.