ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷവും പോതുയോഗവും ഇന്നു നടന്നു. യോഗത്തില്‍ വെച്ച് വരുന്ന ഒരു വര്‍ഷത്തെക്കുള്ള പുതിയ നേതൃത്വത്തെയും തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ് പരിപാടികള്‍ നടന്നത്. ഇ.ജെ കുര്യാക്കോസിനെ പ്രസിഡന്റായും എല്‍ദോസ് സണ്ണി സെക്രട്ടറിയായും ബിനു വര്‍ക്കി ട്രഷറായുമുള്ള 12 അംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഹരികുമാര്‍ ഗോപാലന്‍ പി.ആര്‍.ഒ ആയി തുടരും.

ലിമ മുന്‍ പ്രസിഡന്റ് ടോം ജോസ് തടിയംപാടിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍, ജോഷ്വ ബിജു ക്രിസ്തുമസ് സന്ദേശം നല്‍കി. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മുന്‍ സെക്രട്ടറി ബിജു ജോര്‍ജ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം ലിമ നടത്തിയ പരിപാടികള്‍ അക്കമിട്ടു നിരത്തിയിരുന്നു. ട്രഷര്‍ ബിനു വര്‍ക്കി കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവു കണക്കുകള്‍ അവതരിപ്പിച്ചു. മാത്യു എബ്രഹാം ഇന്‍ഷുറന്‍സ് പോളിസികളെപറ്റി വളരെ അറിവ് പകരുന്ന ഒരു ക്ലാസ്സ് നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷം ലിമക്ക് നേതൃത്വം കൊടുത്ത പ്രസിഡന്റ് ടോം ജോസ് തടിയംപാട് സെക്രട്ടറി ബിജു ജോര്‍ജ്, ട്രഷര്‍ ബിനു വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്മിറ്റി ഒട്ടേറെ പുതിയ പുതിയ പരിപാടികള്‍ സംഘടിപ്പിച്ചും വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു ചാരിറ്റി നടത്തിയും കൂടാതെ വളരെ ബൃഹത്തായ ഓണപരിപടിയും, വിഷു, ഈസ്റ്റര്‍ പരിപാടിയും സംഘടിപ്പിച്ചു കാലാവധി പൂര്‍ത്തിയാക്കിയാണ് പിരിഞ്ഞത്.

ഈ വര്‍ഷം ലിമ നടത്താന്‍ പോകുന്ന ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഇ.ജെ കുര്യാക്കോസ് പറഞ്ഞു.