ലെസ്റ്റര്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി വിജയകരമായ പതിമൂന്നാം വര്‍ഷത്തിലേക്ക് ചുവടു വച്ചിരിക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റ്ററില്‍ ഇന്ന് ശിശിരോത്സവം അരങ്ങേറും. ലെസ്റ്റര്‍ മലയാളികള്‍ക്കൊപ്പം എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ നിന്ന് മുന്നേറുന്ന സംഘടന  ഇതിന്റെ ഭാഗമായി നടത്തുന്ന ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ സംഘാടനാ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ‘ശിശിരോത്സവം’ എന്നു പേരിട്ടിരിക്കുന്ന ഈ ആഘോഷവേളയില്‍ 2017-18 വര്‍ഷത്തെ കുടുംബ സംഗമവും വാര്‍ഷിക പൊതുസമ്മേളനവും നടക്കും.

യുകെയിലെ മലയാളികളുടെ കൂട്ടായ്മകളില്‍ പ്രമുഖ സ്ഥാനത്തുള്ള ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 12 വര്‍ഷവും ചെയ്തത്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ലെസ്റ്റര്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തി മുന്നേറുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ ഭാഗഭാക്കാകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഇന്ന് നാലു മണിക്ക് നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.  ബ്രൗണ്‍സ്റ്റോണ്‍ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി നടത്തിയ കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപ്രകടനങ്ങളും, ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ നേതൃത്വത്തില്‍ ലൈവ് സംഗീതസന്ധ്യയും, ഒപ്പം സ്നേഹ വിരുന്നും ഒക്കെയായി ഒരു മനോഹര സായാഹ്നമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ലെസ്റ്ററിലെ മലയാളി കുടുംബങ്ങളില്‍ ഉള്‍പ്പെടെ അടിക്കടി ഉണ്ടാകുന്ന മോഷണ ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജാഗ്രതാ പുലര്‍ത്തേണ്ട ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നതിനും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി ലെസ്റ്റര്‍ പോലീസ് പ്രതിനിധികളുമായി സംവദിക്കുന്നതിനുള്ള അവസരവും ഇന്നത്തെ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ് എന്ന് എല്‍കെസി പ്രസിഡന്റ് അജയ് പെരുമ്പലത്ത് അറിയിച്ചിട്ടുണ്ട്.

എല്‍കെസിയുടെ 2018 – 2019 ഭരണസമതിയിലേക്ക് പുതിയ ഭാരവാഹികളെയും ഇന്ന് തിരഞ്ഞെടുക്കുന്നതാണ്. എല്ലാവരെയും സ്നേഹാദരങ്ങളോടെ ശിശിരോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.

ശിശിരോത്സവവേദിയുടെ അഡ്രസ്സ്

Braunstone West Social Centre
Braunstone LE3 3FT