സ്വന്തം ലേഖകന്‍

യുകെയിലെ മലയാളികള്‍ക്കിടയില്‍ അമിത പലിശയ്ക്ക് പണം കടം കൊടുത്തും ഗുണ്ടായിസം നടത്തിയും വിലസിയിരുന്ന സിജോ സെബാസ്റ്റ്യന് ജയില്‍ ശിക്ഷ. ബാസില്‍ഡനില്‍ താമസിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ സിജോ സെബാസ്റ്റ്യന്‍ മണ്ണഞ്ചേരിലിനെ വെള്ളിയാഴ്ച ആണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഇതനുസരിച്ച് പോലീസ് സിജോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാലു മാസം ആണ് ശിക്ഷാ കാലാവധി. സൌത്തെന്‍ഡ് ക്രൌണ്‍ കോര്‍ട്ടില്‍ ആണ് സിജോയുടെ കേസ് വിചാരണയ്ക്ക് എടുത്തത്.

2009 ജൂലൈ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അനധികൃത പലിശ ഇടപാടിലൂടെ 325000 പൌണ്ടിലധികം സിജോ സെബാസ്റ്റ്യന്‍ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ബാസില്‍ഡന്‍ റാഫേല്‍സില്‍ ഉള്ള സിജോയുടെ വീട്ടിലും ലണ്ടന്‍ ഈസ്റ്റ്ഹാമിലെ ഓഫീസിലും പോലീസ് നടത്തിയ റെയ്ഡുകളില്‍ ആണ് അനധികൃത ഇടപാടുകളുടെ തെളിവുകള്‍ കണ്ടെടുത്തത്. ഇടപാടുകാരില്‍ നിന്നും 67% വരെ പലിശ ഈടാക്കിയിരുന്നതിന്റെ തെളിവുകള്‍ ഇയാളുടെ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

എട്ട് ബാങ്ക് അക്കൌണ്ടുകളിലായി 2.1 മില്യണ്‍ പൗണ്ട് ആണ് ഷിജോയുടെ അക്കൌണ്ടുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും വരുമാനത്തിന് ആധാരമായ ഉറവിടം പക്ഷെ സിജോയ്ക്ക് കാണിക്കുവാന്‍ കഴിഞ്ഞില്ല. സിജോയെ സപ്പോര്‍ട്ട് ചെയ്യുന്ന ചില മലയാളി നേതാക്കന്മാരുടെ ബിനാമി പണമാണ് ഇതെന്നാണ് നിഗമനം.

നൂറു പൗണ്ട് കടമായി വാങ്ങിയാല്‍ മാസം ഏഴ് പൗണ്ട് വരെ പലിശ ഈടാക്കി ആയിരുന്നു സിജോയുടെ പലിശ വ്യാപാരം കൊഴുത്തത്. ഇതിനായി ഇടപാടുകാരില്‍ നിന്നും യുകെയിലെയും നാട്ടിലെയും ബാങ്കുകളിലെ ബ്ലാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ ഇയാള്‍ ഈടായി കൈവശപ്പെടുത്തിയിരുന്നു.

യുകെയിലെ മലയാളികളുടെ ഒരുമയ്ക്കും ഉന്നമനത്തിനും ആയി രൂപീകരിക്കപ്പെട്ട യുക്മ എന്ന സംഘടനയില്‍ ഇയാള്‍ക്ക് ഉള്ള സ്വാധീനം ആണ് ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. യുകെ മലയാളികളെ ഇത് പോലെയുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പിന്തുണ നല്‍കേണ്ട സംഘടന അതിന്‍റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചത് സിജോ സെബാസ്റ്റ്യനെ സംരക്ഷിക്കാന്‍ ആയിരുന്നു. സിജോ സെബാസ്റ്റ്യന്‍ ഏറ്റവും അധികം സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഇയാളുടെ സുഹൃത്ത് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ യുക്മ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ആണ്. ഇയാളെ രക്ഷിക്കാനായി യുക്മ പ്രസിഡണ്ട് എന്ന പദവി ദുരുപയോഗം ചെയ്ത് കോടതിയില്‍ കത്ത് നല്‍കുന്നിടം വരെയെത്തി നില്‍ക്കുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. ഫ്രാന്‍സിസ് മാത്യുവിന്‍റെ പിന്‍ബലത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹി ആയിരുന്നു കൊണ്ടാണ് സിജോ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചത്.

സിജോയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങി കടക്കെണിയില്‍ പെട്ട നിരവധി ആളുകള്‍ ഉണ്ടെങ്കിലും യുക്മ നേതാക്കന്മാരുടെ സ്വാധീനം മൂലം ഇവരില്‍ ആരും തന്നെ കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയില്ല എന്നത് തന്നെ ഇത്തരം സാമൂഹിക വിപത്തുകളുടെ കാര്യത്തില്‍ ഇപ്പോഴുള്ള യുക്മ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ആണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ഇലക്ഷനില്‍ സിജോയെ പോലുള്ളവരുടെ പണക്കൊഴുപ്പ് ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് അന്ന് മലയാളം യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പേരില്‍ ഭരണഘടനയില്‍ വരെ കൃത്രിമം നടത്തി അധികാരത്തില്‍ എത്തിയ ഇപ്പോഴത്തെ നേതൃത്വം കഴിഞ്ഞ ഏഴ് വര്‍ഷക്കാലം യുക്മ നാഷണല്‍ കമ്മറ്റിയില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ച ഫ്രാന്‍സിസ് മാത്യുവിനെ വീണ്ടും യുക്മയുടെ ചാരിറ്റിയുടെ ചെയര്‍മാനായി അവരോധിച്ചത് ഈ ഇലക്ഷനില്‍ ലഭിച്ച വഴിവിട്ട സഹായങ്ങളുടെ പേരില്‍ ആണ്. ഇതു യുക്മയില്‍ പൊട്ടിത്തെറി ഉണ്ടാക്കിയെങ്കിലും പുറത്തറിയിക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാത്യു പങ്കെടുത്തിരുന്നില്ല.

എന്തായാലും പലിശ ബിസിനസ്സുകാരന്‍ ജയിലില്‍ എത്തിയത് സംരക്ഷകരുടെ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കിയിരിക്കുകയാണ്. മുന്‍കാല നേതാക്കന്മാര്‍ അവരുടെ ഒരുപാട് സമയവും അദ്ധ്വാനവും ചെലവഴിച്ച് കെട്ടിപ്പടുത്ത യുക്മയെന്ന പ്രസ്ഥാനം ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെട്ടല്ലോ എന്ന ഗതികേടില്‍ തലയില്‍ കൈ വച്ചിരിക്കുകയാണ് യുകെ മലയാളി സമൂഹം.