സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാൻ ഇനി ഏതാനും ആഴ്ചകൾ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികൾക്കിടയിൽ നടത്തിയ കലാമേള ലോഗോ മത്സരത്തിൽ ബാസിൽഡണിൽ നിന്നുള്ള സിജോ ജോർജ്ജ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയ കിരീടം നേടിയിരിക്കുന്നത്.

മുൻ വർഷങ്ങളേക്കാൾ കൂടുതൽ മത്സരാർത്ഥികൾ 2019 ലെ ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുത്തിരുന്നു. ആശയപരവും സാങ്കേതികവുമായി വളരെ ശ്രദ്ധേയമായ നിരവധി ഡിസൈനുകളിൽ നിന്നാണ് സിജോ രൂപകൽപ്പന ചെയ്ത ലോഗോ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു.

യുക്മ കലാമേളകളുടെ ചരിത്രവുമായി എക്കാലവും അഭേദ്യമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് എസ്സെക്സിലെ ബാസിൽഡൺ. തുടർച്ചയായി നാലുതവണ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേളയ്ക്ക് ബാസിൽഡൺ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ഏറ്റവും കൂടിയ പോയിന്റുകൾ വാരിക്കൂട്ടി ജേതാക്കളായ ചരിത്രവും ബാസിൽഡണിന് സ്വന്തം. റീജിയണൽ-ദേശീയ കലാമേളകളിൽ കലാതിലകങ്ങളായി നിരവധി തവണ ബാസിൽഡണിന്റെ ചുണക്കുട്ടികൾ കിരീടം അണിഞ്ഞിട്ടുണ്ട്.

ബാസിൽഡണിന്റെ യുക്മ കലാമേള പെരുമയിലേക്ക് ഒരുതൂവൽകൂടി ചേർക്കപ്പെടുകയാണ് സിജോയുടെ സർഗ്ഗ ചേതനയിലൂടെ. ചെംസ്ഫോർഡിൽ ഒരു അഡ്വർടൈസിംഗ് ഏജൻസിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്ന സിജോ കണ്ണൂർ ആലക്കോട് സ്വദേശിയാണ്. വിജയിയെ യുക്മ ദേശീയ കലാമേള നഗറിൽവച്ച് ആദരിക്കുന്നതാണ്.

നവംബർ രണ്ടാം തീയതി ശനിയാഴ്ചയാണ് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ആണ്. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ഇതാദ്യമായി മാഞ്ചസ്റ്ററിന്റെ മണ്ണിലേക്ക് ദേശീയ മേള എത്തുമ്പോൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും പാർസ് വുഡ് സെക്കണ്ടറി സ്കൂളിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കലാമേള ദേശീയ കോർഡിനേറ്റർ സാജൻ സത്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് അഡ്വ.ജാക്സൺ തോമസ് എന്നിവർ അറിയിച്ചു.