തെരഞ്ഞെടുപ്പ് ചൂട് കൊട്ടിക്കയറുമ്പോൾ എറണാകുളം മണ്ഡലത്തിൽ കൊച്ചി മെട്രോയാണ് പ്രചരണ രംഗത്തെ പ്രധാന തർക്ക വിഷയം. ജില്ലാ സെക്രട്ടറി ആയിരുന്ന പി രാജീവിന്‍റെ ജാഗ്രതയാണ് ഡിഎംആർസിയെയും ഇ ശ്രീധരനെയും കൊച്ചി മെട്രോയിലേക്ക് എത്തിച്ചതെന്നാണ് എൽഡിഎഫ് വാദം. മെട്രോ യുഡിഎഫ് സർക്കാരിന്‍റെ സന്തതിയാണെന്നാണ് ഹൈബി ഈഡൻ അവകാശപ്പെടുന്നു. ഇവരൊന്നുമല്ല കേന്ദ്രസർക്കാരാണ് യഥാർത്ഥ അവകാശികളെന്ന വാദവുമായി എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും രംഗത്തെത്തിയിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്കായി ഡിഎംആർസിയെയും അത് വഴി മെട്രോമാൻ ഇ ശ്രീധരനെയും എത്തിച്ചത് 2012ൽ പി രാജീവ് സംഘടിപ്പിച്ച മനുഷ്യചങ്ങലയാണെന്നും, ഡിഎംആർസിയെ ഒഴിവാക്കാൻ തത്രപ്പെട്ട അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന്മേൽ സമ്മർദ്ദശക്തിയായത് ഈ ജനകീയപ്രതിഷേധമാണെന്നാണ് എൽഡിഎഫ് പറയുന്നത്. രാജീവ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കിൽ ഡിഎംആർസി കൊച്ചി മെട്രോ പദ്ധതിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന ഇ ശ്രീധരന്‍റെ വാക്കുകളാണ് ഇതിനായി ആയുധമാക്കുന്നത്.

വികസനവിഷയങ്ങളും,കൊച്ചി മെട്രോയും ജനശ്രദ്ധയിലേക്ക് വന്നതോടെ യുഡിഎഫും,എൻഡിഎയും പ്രചാരണത്തിൽ മെട്രോ ക്രെഡിറ്റ് ഉറപ്പാക്കി
വോട്ടുറപ്പാക്കാൻ ശ്രമം തുടങ്ങി. ഉമ്മൻ ചാണ്ടി സർക്കാർ ഇല്ലായിരുന്നുവെങ്കിൽ കൊച്ചി മെട്രോ സംഭവിക്കില്ലായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പറയുന്നു.

മെട്രോ നടപ്പാക്കിയത് എൻഡിഎ ഗവർൺമെന്‍റാണെന്ന കാര്യത്തിൽ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിനും യാതൊരു സംശയവുമില്ല. എന്തായാലും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ യഥാർത്ഥ അവകാശികളെ ഏപ്രിൽ 23ന് ജനം തെരഞ്ഞെടുക്കും വരെ ക്രെഡിറ്റിനായുള്ള ഈ മത്സരം തുടരുക തന്നെ ചെയ്യും.