ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക്കല്‍. വല്‍സന്‍ തില്ലങ്കേരിയെ രംഗത്തിറക്കിയതിലൂടെ ശബരിമലയുടെ പേരില്‍ പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്

തിര‍ഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ മുഖ്യആയുധമായി മാറിയിരിക്കുകയാണ് ശബരിമല. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയുടെ തൊട്ടടുത്തദിവസമാണ് കഴക്കൂട്ടം മണ്ഡലത്തില്‍ ശബരിമല കര്‍മസമിതി മാതൃസംഗമം നടത്തിയത്. ശബരിമലയുടെ കാര്യത്തില്‍ തെരുവിലിറങ്ങിയ സ്ത്രീകളുടെ നിലപാട് വോട്ടാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സന്നിധാനത്തെ സംഘപരിവാര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വല്‍സന്‍ തില്ലങ്കേരിയെ എത്തിച്ചത്. അയ്യപ്പന്റെ പേരില്‍ പ്രചാരണം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിനെ വല്‍സന്‍ തില്ലങ്കേരി രൂക്ഷമായി വിമര്‍ശിച്ചു.

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ മുദ്രാവാക്യം. അത് വൈകാരികമായി ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരം കൂട്ടായ്മകള്‍. വരും ദിവസങ്ങളില്‍ ശബരിമല കര്‍മസമിതിയുടെ കൂട്ടായ്മകള്‍ മറ്റ് ലോക്സഭാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. വോട്ടെടുപ്പ് തീയതി അടുക്കുമ്പോഴേക്കും ശബരിമല യുവതീപ്രവേശം സജീവചര്‍ച്ചയാക്കി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.