മാത്യൂസ് ഓരത്തേൽ

നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടന്ന   ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയുടെ  സുവർണ്ണ ജൂബിലി ഫെസ്റ്റിവൽ സിനിമാപ്രേമികൾക്ക് എന്തുകൊണ്ടും ശ്രദ്ധേയമായ അനുഭവമായിരുന്നു. ഒരു ജനത സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച് ആസ്വദിക്കുന്ന അപൂർവ്വ കാഴ്ച; കലാ അക്കാദമിയിലും എനോക്സ് കോംപ്ലക്സിലും നിറഞ്ഞുകവിഞ്ഞ ആസ്വാദക സദസ്സ്! ഗോവൻവീഥികളിലൂടെ സിനിമയുടെ ഭാഷയും വേഷവുമണിഞ്ഞ് പൂത്തലഞ്ഞു നടക്കുന്ന യുവത്വം. ഒരിടത്തും ബഹളങ്ങളില്ല. ആരവങ്ങളില്ല. തികഞ്ഞ അച്ചടക്കത്തോടെ ലോകസിനിമയുടെ ഫ്രെയിമുകളിൽ കണ്ണുംനട്ടിരിക്കുന്ന ഗോവൻജനത നമ്മുടെ ആദരവ് പിടിച്ചുപറ്റുകതന്നെ ചെയ്യും. തിരുവനന്തപുരത്തെ മുൻകാല ഫെസ്റ്റിവൽ അനുഭവങ്ങൾ പലപ്പോഴും ഗോവയുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇടിച്ചുകയറിയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചും ഉച്ചത്തിൽ കമന്റുകൾ പറഞ്ഞും ഒരു തത്ത്വദീക്ഷയുമില്ലാതെ തലങ്ങും വിലങ്ങും നടക്കുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന ഒരു ചെറുഗ്രൂപ്പിന്റെ സാന്നിദ്ധ്യം തിരുവനന്തപുരത്ത് എന്നുമുണ്ടായിരുന്നു. അതിനൊരു മാറ്റമുണ്ടായത് കഴിഞ്ഞ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് ഫീസ് 500-ൽനിന്ന് 2000 ആക്കിയപ്പോൾ മാത്രമാണ്. എന്നാൽ ഗോവൻ ഫെസ്റ്റിവലിലെ നല്ലൊരു പങ്ക് ഡെലിഗേറ്റ്സും കേരളത്തിൽനിന്നുള്ളവരായിരുന്നു എന്നതാണ് സത്യം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നഗരിയിൽ ലേഖകൻ

1952-ൽ ഏഷ്യയിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം ഡിവിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ ഫിലിം ഫെസ്റ്റിവലിൽ അന്ന് 23 രാജ്യങ്ങളും 200 എൻട്രികളുമാണുണ്ടായിരുന്നത്. ഫെസ്റ്റിവൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ അത് നൂറോളം രാജ്യങ്ങളും ആയിരത്തോളം എൻട്രികളുമായി വർദ്ധിച്ചു എന്നത് ഫെസ്റ്റിവലിന്റെ ജനസ്വാധീനത്തിന്റെയും ആഗോളഅംഗീകാരത്തിന്റെയും അടയാളമാണ്.

സംസ്ഥാന-കേന്ദ്ര സർക്കാരുകൾ 18 കോടി രൂപ മുടക്കി നടത്തിയ ഈ സിനിമാ മഹോത്സവം ഗോവൻ ടൂറിസം പ്രമോഷന്റെ വിജയഗാഥതന്നെയായിരുന്നു. പ്രധാന പ്രദർശനവേദിയായ കലാ അക്കാഡമിയുടെ ഗ്രൗണ്ടിലൊരുക്കിയ ലോകസിനിമയുടെ ചരിത്രം മിന്നിമറയുന്ന ഡിജിറ്റൽ പവലിയൻ സിനിമ ടെക്നോളജിയുടെ കലകൂടിയാണെന്ന് അടിവരയിടുന്ന വേറിട്ടൊരു അനുഭവമായിരുന്നു. എന്നാൽ, മൂന്നു കിലോമീറ്റർ ദൂരെയുള്ള പൊർവരീമിലെ ഫെസ്റ്റിവൽ തിയേറ്ററുകൾ പലപ്പോഴും ഒഴിഞ്ഞുകിടന്നു. സുവർണ്ണജൂബിലി ഫെസ്റ്റിവൽ സിനിമയുടെ സെലക്ഷൻ സംബന്ധിച്ച് ധാരാളം ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പലതും ഫെസ്റ്റിവലിന്റെ പടികടക്കാൻ യോഗ്യതയുള്ളതായിരുന്നില്ല. ഉദാ: ഫ്ളഷ് ഔട്ട് , ചില കന്നട ഹിന്ദി സിനിമകൾ. തമിഴ് നടന ഇതിഹാസം രജനീകാന്തിന്റെ സാന്നിദ്ധ്യവും ഐക്കൺ ഓഫ് ദി ജൂബിലി അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചതിലുമൊക്കെ ഒരു രാഷ്ട്രീയ പ്രീണനത്തിന്റെ എഴുതപ്പെടാത്ത തിരക്കഥയുണ്ടെന്ന് ഗോവൻ മണൽത്തരികൾക്കുപോലുമറിയാം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ തേക്കിൻകാട് ജോസഫിനൊടൊപ്പം ലേഖകൻ

ഗൊരാൻ പാസ്കൽ ജെവിക് സംവിധാനം ചെയ്ത ഡെസ്പൈറ്റ് ദ ഫോഗ് ആയിരുന്നു ഉദ്ഘാടനചിത്രം. ലോകസിനിമയിലെ പുതുവസന്തമായ ഇറാനിയൻ സിനിമയുടെ സംവിധാന ചക്രവർത്തിയായ മൊഹ്സിൻ മക്മൽബഫ് സംവിധാനം ചെയ്ത മാർഗേ ആന്റ് ഹേർ മദർ ആയിരുന്നു സമാപന ചിത്രം.

നാസികളിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം എെഡന്റിറ്റി മറച്ചുവച്ച് ജീവിക്കേണ്ടിവന്ന കൗമാരക്കാരിയുടെ കഥ പറയുന്ന മൈ നെയിം ഇൗസ് സാറാ ഒരു വിങ്ങലോടെ മാത്രമേ കണ്ടിരിക്കാനാവൂ. ഡെന്മാർക്കിന്റെ ഒൗട്ട സ്റ്റീലിങ് ഹോഴ്സ് ഇതുവരെ കാണാത്ത ദൃശ്യാനുഭവം തരുന്ന മറ്റൊരു സിനിമാ വിസ്മയമായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം പാർട്ടിക്ക്ൾസ് പ്രകൃതിയിൽ സംഭവിക്കാൻപോകുന്ന മാറ്റങ്ങളുടെ മുന്നറിയിപ്പാണ് നല്കുന്നത്. അതുകൊണ്ടുതന്നെ ഗൗരവമായ ഒരു ചലച്ചിത്ര അനുഭവമായിരുന്നു അത്. പെമസഡന്റെ ചൈനീസ് ചലച്ചിത്രം ബലൂൺ കപട സദാചാരവാദികൾക്കുള്ള താക്കീതാണ്. പാരസൈറ്റ്, ദ ഗോൾഡൻ ഗ്ലോവ്, ബീൻ പോൾ തുടങ്ങി നിരൂപകർ വാഴ്ത്തിയ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായിരുന്നു.

മലയാളികളുടെ അന്തസ്സുയർത്തിയ മേളയായിരുന്നു ഗോവയിലേത്. ജൂറി ചെയർമാൻ പ്രിയദർശനായിരുന്നു. മനോജ് കാനയുടെ കെഞ്ചിറ മികച്ച പ്രതികരണം നേടി. ജെല്ലിക്കെട്ടിലൂടെ രണ്ടാം വട്ടവും അംഗീകാരം നേടിയ ലിജോ പെല്ലിശേരി മേളയുടെ താരമായിമാറി.

ഗോവയുടെ ഉത്സവത്തുടിപ്പുകൾ അവസാനിക്കുന്നില്ല.  Goa- Land of Sun, Sand and Sea എന്ന ആപ്തവാക്യം Goa- Land of Sun, Sand, Sea and Cinema  എന്ന്കാലം ഇങ്ങനെ തിരുത്തിയെഴുതുന്നു.

 

മാത്യൂസ് ഓരത്തേൽ

ലേഖകൻ ചിത്രകാരനും ഡിസൈനറുമാണ്. കോട്ടയത്ത്‌ ‘ വര ‘ എന്ന പേരിൽ ആർട്ട്‌ ഗാലറിയും പബ്ലിഷിംഗ് സ്ഥാപനവും നടത്തുന്നു. ഫിലിം ഫെസ്റ്റിവലുകളിൽ സജീവമാണ്. കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ സിനിമ വിഭാഗമായ ചിത്ര ദർശനയുടെ സെക്രട്ടറിയാണ്.