ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി തര്‍ക്കം തുടരുന്നതിനിടയില്‍ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരാണ് പത്തനംതിട്ട സീറ്റിനായി നിലവില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സുരേന്ദ്രനെ പിന്തുണച്ച് ആര്‍.എസ്.എസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന് അല്‍ഫോണ്‍സ് കണ്ണന്താനമോ അല്ലെങ്കില്‍ ശ്രീധരന്‍ പിള്ളയോ മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അണികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സുരേന്ദ്രനെ പരിഗണിക്കാനായിരിക്കും അമിത് ഷാ ശ്രമിക്കുക.

സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. ബിജെപിയുടെ 14 സീറ്റില്‍ 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്. മുരളീധരപക്ഷവും കെ. സുരേന്ദ്രന്റെ ഗ്രൂപ്പും പത്തംതിട്ട സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വ്യക്തി തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. അതേസമയം കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് സീറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പാണ് പിള്ള നടത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും എം.ടി രമേശും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ കണ്ണന്താനത്തിന് കോട്ടയം സീറ്റ് നല്‍കി ഒതുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. പിന്നാലെ പിളളയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവുമുണ്ടായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.