ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് എംഎല്‍എമാർ ജയിച്ചുകയറിയതോടെ സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് വരിക. എംഎല്‍എമാര്‍ ജയിച്ച വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നിവയ്ക്ക് പുറമേ നേരത്തേ ഒഴിവ് വന്ന പാലാ, മഞ്ചേശ്വരം എന്നി നിയമസഭാ മണ്ഡലങ്ങളിലുമാണ് വരുന്ന സെപ്റ്റംബർ, ഒക്ടോബോർ മാസത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നുതരിപ്പണമായിപ്പോയ എൽഡിഎഫിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാകും ഈ ഉപതെരഞ്ഞെടുപ്പുകൾ.

സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയുമധികം ഉപതെരഞ്ഞെടുപ്പുകൾക്ക് ഒന്നിച്ച് കളമൊരുങ്ങുന്നത്. തെക്കൻ കേരളത്തിൽ രണ്ടും മധ്യകേരളത്തിൽ മൂന്നും വടക്കൻ കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരിക. തിരുവനന്തപുരം വട്ടിയൂർക്കാവ് എം എൽ എയായ കെ മുരളീധരൻ ലോക്സഭയിൽ വടകരയുടെ പ്രതിനിധിയായതോടെയാണ് ഇവിടെ ഉപതെര‌ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി ഏറെ പ്രതീക്ഷവയ്ക്കുന്നതും ഏറെ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് വിവാദങ്ങൾക്കും വളക്കൂറുളളതുമായ വട്ടിയൂർക്കാവിന്‍റെ മണ്ണിലേക്കാണ് ഉപതെരഞ്ഞെടുപ്പ് എത്തുന്നത്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് ജയിച്ചതോടെയാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

ആരിഫ് ആലപ്പുഴയിൽ ജയിച്ചു കയറിയതോടെയാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. എന്നാൽ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ ആരിഫ് പിന്നിലായത് ഇടതുമുന്നണിയെ ചിന്തിപ്പിക്കും. കെ എം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലമാണ് ഉപതെരഞ്ഞെടുപ്പ് കാക്കുന്ന മറ്റൊന്ന്. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ ആരെങ്കിലും മൽസരിക്കുമോ അതോ ജോസ് കെ മാണിയുടെ വിശ്വസ്തരാരെങ്കിലും തൽക്കാലത്തേക്ക് അങ്കക്കച്ചമുറുക്കുമോ എന്നേ അറിയേണ്ടതുളളൂ. കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണത്തിലേറിയതോടെ രണ്ട് വർഷം മാത്രം അകലെയുളള നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മാണി കുടുംബത്തിന്‍റെ ഇനിയുളള കണ്ണും കാതും.

എറണാകുളത്ത് ഹൈബി ഈ‍ഡന്‍റെ പകരക്കാരനാകാൻ കോൺഗ്രസിൽ ഇപ്പോൾത്തന്നെ ഇടി തുടങ്ങിക്കഴിഞ്ഞു. പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന്മാത്രം യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം സ്ഥാനാർഥിമോഹികളെയെല്ലാം കളത്തിലിറക്കും. മഞ്ചേശ്വരമാണ് വടക്കൻ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് കാക്കുന്ന നിയമസഭാ മണ്ഡലം. നിലവിലെ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാമെന്ന് കെ സുരേന്ദ്രൻ സമ്മതിച്ചതോടെ ഹൈക്കോടതിയുടെ അന്തിമ അനുമതിയേ ശേഷിക്കുന്നുളളു. എന്തായാലും രണ്ടുവർഷം ഇനിയും ശേഷിക്കുന്ന എൽഡിഎഫ് സർക്കാരിന് മുന്നില്‍ ഈ ഉപതെരഞ്ഞെടുപ്പുകൾ വെല്ലുവിളിയാകും എന്ന് ഉറപ്പാണ്.