ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 95 മണ്ഡലങ്ങള്‍  പോളിങ്ങ് ബൂത്തിലേക്ക്. 11 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. 44 സിറ്റിങ് എം.പിമാര്‍ ഉള്‍പ്പെടെ 1,625 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. സ്ഥാനാര്‍ഥികളില്‍ 427 പേര്‍ കോടീശ്വരന്മാരാണ്.

കര്‍ണാടകയിലെ പതിനാലും മഹാരാഷ്ട്രയിലെ പത്തും യു.പിയിലെ എട്ടും അസം, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് വീതവും ഛത്തീസ്ഗഡ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ മൂന്ന് വീതവും ജമ്മു കശ്മീരിലെ രണ്ടും മണിപ്പൂരിലെയും ത്രിപുരയിലെയും ഓരോ സീറ്റിലും ഉള്‍പ്പെടെ 96 മണ്ഡലങ്ങളാണ് നാളെ ബൂത്തിലേക്ക് പോവുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ 35 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ജനതാദള്‍ എസിന്റെ ശക്തികേന്ദ്രങ്ങളിലും ബെംഗളൂരു നഗരമേഖലയിലുമാണ് കര്‍ണാടകയിലെ വോട്ടെടുപ്പ്.

പുതുച്ചേരിയുള്‍പ്പെടെ തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ സീറ്റുകളിലും നാളെ വോട്ടെടുപ്പ്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ നിരവധി പേര്‍ അറസ്റ്റില്‍. ഇതുവരെ തമിഴ്നാട്ടില്‍ നിന്ന് ഇരുന്നൂറ് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

നിശബ്ദ പ്രചാരണ ദിവസമായിട്ടും സംഭവബഹുലമായിരുന്നു തമിഴ്നാട്. ആദായനികുതി റെയ്ഡില്‍ ആണ്ടിപ്പെട്ടി നിയോജക മണ്ഡലത്തിലുള്ള ടിടിവി.ദിനകരന്‍റെ പാര്‍ട്ടി ഓഫിസില്‍ നിന്നും ഒന്നരക്കോടിരൂപയാണ് പിടിച്ചെടുത്തത്. ആണ്ടിപ്പെട്ടിയിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ സാത്തൂരിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ഥി എസ്.ജി.സുബ്രഹ്മണ്യന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും വീടിന് പരിസരത്ത് നിന്നുമായി നാല്‍പത്തിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു.

വരള്‍ച്ചയും കാര്‍ഷിക പ്രശ്നങ്ങളും രൂക്ഷമായ മഹാരാഷ്ട്രയിലെ മറാഠ്വാധ, വിദര്‍ഭ, സോലാപുര്‍ മേഖലകളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ ബി.ജെ.പി തൂത്തുവാരിയ പശ്ചിമ യു.പിയിലെ എട്ടു സീറ്റുകളില്‍ ഇത്തവണ മഹാസഖ്യം ശക്തമായ പോരാട്ടം കാഴ്ചവയ്‍ക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ഗേവഗൗഡ മല്‍സരിക്കുന്ന തുമകൂരുവും ഗൗഡയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയും നടി സുമലതയും നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡ്യയും നടന്‍ പ്രകാശ് രാജ് ഇറങ്ങുന്ന ബെംഗളൂരു സെന്‍ട്രലും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ മല്‍സരിക്കുന്ന നാന്ദേഡും പ്രീതം മുണ്ഡെയുടെ ബീഡും നടി ഹേമമാലിനിയുടെ മുഥരയും രാജ് ബബ്ബര്‍ ജനവിധി തേടുന്ന ഫത്തേപുര്‍ സിക്രിയുമാണ് സ്റ്റാര്‍ മണ്ഡലങ്ങള്‍.

ബംഗാളില്‍ കോണ്‍ഗ്രസ്–സി.പി.എം ധാരണ യാഥാര്‍ഥ്യമാകാതിരുന്ന റായ്ഗഞ്ചിലും വോട്ടെടുപ്പ് നടക്കും. ഇവിടെ സി.പി.എമ്മിന്റെ മുഹമ്മദ് സലീമും കോണ്‍ഗ്രിന്റെ ദീപാദാസ് മുന്‍ഷിയും കടുത്ത പോരാട്ടമാണ് നടത്തുന്നത്തു