ദേശീയ രാഷ്ട്രീയത്തിൽ തന്നെ സിപിഎം ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച തെരഞ്ഞെടുപ്പാണ് ഇത്. ശക്തികേന്ദ്രങ്ങളായ വെസ്റ്റ് ബംഗാളിലും ത്രിപുരയിലും കേരളത്തിലും സിപിഎം കനത്ത തകർച്ചയാണ് ഏറ്റുവാങ്ങുന്നത്. ത്രിപുരയിലെ ഈസ്റ്റ്, വെസ്റ്റ് സീറ്റുകളിൽ തോൽവി മാത്രമല്ല, സിപിഎമ്മിന് രണ്ടാം സ്ഥാനം പോലും കിട്ടിയില്ല.

വെസ്റ്റ് സീറ്റിൽ ബിജെപിയുടെ പ്രതിമ ഭൗമികാണ് 2.74 ലക്ഷം വോട്ടോടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി സുബൽ ഭൗമിക് 1.42 ലക്ഷം വോട്ടോടെ രണ്ടാം സ്ഥാനത്തുണ്ട്. സിറ്റിങ് എംപി കൂടിയായ സിപിഎമ്മിന്റെ ശങ്കർ പ്രസാദ് ദത്തയ്ക്ക് ഇതുവരെ കിട്ടിയത് 84000 വോട്ടാണ്.

ഈസ്റ്റ് സീറ്റിൽ ബിജെപിയുടെ രേബതി ത്രിപുര മൂന്ന് ലക്ഷം വോട്ടോടെ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. മഹാരാജ് കുമാരി പ്രാഗ്യ ദേബ്‌ബർമൻ 1.85 ലക്ഷം വോട്ട് നേടി. സിപിഎം സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ജിതേന്ദ്ര ചൗധരിക്ക് 1.3 ലക്ഷം വോട്ടേ നേടാനായുള്ളൂ.

പതിവായി ഈ രണ്ട് സീറ്റിലും സിപിഎം സ്ഥാനാർത്ഥികളാണ് വിജയിച്ച് വരുന്നത്. കഴിഞ്ഞ തവണ 60 ശതമാനത്തിലേറെയായിരുന്നു സിപിഎം സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്.

ശബരിമല അടക്കം വിവാദ വിഷയങ്ങൾ ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ ഫലം എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാകുമ്പോള്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷട്രീയ നിലപാടുകളുടെ പ്രതിഫലനമായും വിലയിരുത്തപ്പെടും. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നതോടെ സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക് പാര്‍ട്ടി മാത്രമല്ല പിണറായി വിജയനും മറുപടി പറയേണ്ടി വരുന്നതാണ് സാഹചര്യമാണ് ഉണ്ടാകുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് അടിമുടി ശക്തമായ പ്രചാരണം കാഴ്ച വച്ച ഇടത് മുന്നണി തെരഞ്ഞെടുപ്പിന് ശേഷവും വലിയ അത്മ വിശ്വസത്തിലായിരുന്നു. 2004ലെ 18 സീറ്റെന്ന വൻ വിജയം ആവർത്തിക്കുമെന്നാണ് പിണറായി അടക്കം പറഞ്ഞത്. എന്നാല്‍ 2004 പോയിട്ട് കഴിഞ്ഞ തവണത്തെ 8 സീറ്റിൽ നിന്ന് പിന്നോട്ട് പോയി എല്‍ഡിഎഫ്. ഇതിന് സിപിഎം സിപിഐ നേതൃത്വങ്ങൾ പാർട്ടി വേദികളില്‍ സമാധാനം പറയേണ്ടിവരും.

പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പെന്ന വലിയ പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചതിനെക്കാള്‍ ഭീകരമായ തോല്‍വി നേരിട്ടതൊടെ ഇതുവരെ പാര്‍ട്ടിയില്‍ എതിര്‍ക്കപ്പെടാത്ത ശബ്ദമായ പിണറായിക്ക് എതിര്‍ ശബ്ദം ഉയരാന്‍ കാരണമുണ്ട്. ശബരിമലയിലടക്കും എടുത്ത കർക്കശ നിലപാടിന് സമാധാനവും പറയേണ്ടിവരും.