ലണ്ടന്‍: ലണ്ടന്‍ ട്യൂബ് ട്രെയിനിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഭീകരാക്രമണ സാധ്യത ക്രിട്ടിക്കല്‍ ആയി ഉയര്‍ത്തി. ആക്രമണങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ട്യൂബില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചെന്ന് കരുതുന്നയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് ട്യൂബില്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി വെള്ളിയാഴ്ച വൈകിട്ട് തീവ്രവാദ സംഘടനയുടെ ന്യൂസ് ഏജന്‍സിയായ അമാഖ് അറിയിച്ചു.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നിറഞ്ഞ, ഏറെ തിരക്കുള്ള സമയത്താണ് ആക്രമണം ഉണ്ടായത്. വെസ്റ്റ് ലണ്ടനിലെ പാഴ്‌സണ്‍സ് ഗ്രീനില്‍വെച്ചാണ് ഡിസ്ട്രിക്ട് ലൈന്‍ ട്രെയിനില്‍ സേഫോടനം നടന്നത്. സംഭവത്തില്‍ ഒരു ആണ്‍കുട്ടിയുള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തു പൂര്‍ണ്ണമായും പൊട്ടിത്തെറിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് കരുതുന്നത്. ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ബാഗില്‍ ഒളിപ്പിച്ച ഒരു വെളുത്ത പ്ലാസ്റ്റിക് ബക്കറ്റില്‍ വെച്ചാണ് സ്‌ഫോടകവസ്തു ട്രെയിനില്‍ എത്തിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇത് ട്രെയിനില്‍ എത്തിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനിനുള്ളിലും ഒട്ടേറെ സിസിടിവി ക്യാമറകള്‍ ഉണ്ട്.

സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ആറു മാസത്തിനിടെ ലണ്ടന്‍ അഭിമുഖീകരിക്കുന്ന അഞ്ചാമത് ഭീകരാക്രമണമാണ് ഇത്. ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യത ക്രിട്ടിക്കല്‍ ആയി ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി തെരേസ മേയ് ആണ് അറിയിച്ചത്. തെരുവുകളില്‍ പോലീസിന്റെയും സൈന്യത്തിന്റെയും സാന്നിധ്യമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ചില പ്രത്യേക മേഖലകളുടെ സുരക്ഷ പോലീസില്‍ നിന്ന് സൈന്യത്തിന് കൈമാറിയിട്ടുണ്ട്.