സ്ലൊവാനിയയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനുള്ളിൽ നിന്ന് ‘സംശയകരമായ സംഭാഷണം’ ഉണ്ടായതിനെ തുടർന്ന് ജർമനിയിൽ അടിയന്തിരമായി ഇറക്കി. യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരാണ്, മൂന്നു പേർ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇതേതുടർന്ന് വിമാനം ജർമനിയിലെ കൊളോണിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാർ സംശയകരമായി നടത്തിയതെന്ന് പൊലീസ് അറിയിച്ചില്ല. കൊളോണിൽ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവം.

Image result for /london-bound-plane-diverted-over-suspicious-conversation-3-arrested

വിമാനത്തിനുള്ളിൽ സംശയകരമായി പെരുമാറിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ബാഗുകൾ ബോംബ് സ്ക്വാഡ് പ്രത്യേകം പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടർന്ന് ഏഴു മണിക്കും 10 മണിക്കും ഇടയിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റി. ഏതാണ്ട് ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.

യൂറോപ്യൻ രാജ്യങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.