ന്യൂസ് ഡെസ്ക്

യുകെയിൽ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ എയർപോർട്ടായ ലണ്ടൻ ഗാറ്റ്വിക്കിന്റെ റൺവേയിൽ ഡ്രോൺ പറക്കുന്നതു മൂലം ഫ്ളൈറ്റ് സർവീസ് പൂർണമായി നിലച്ചു. അടിയന്തിര സ്ഥിതി വിശേഷം നേരിടാൻ ഏവിയേഷൻ അധികൃതർ മിലിട്ടറിയെ വിളിച്ചു.. ആയിരങ്ങൾ എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് എയർപോർട്ട് പരിസരത്ത് രണ്ട് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ മൂന്നു മണിയോടെ സർവീസുകൾ പുനരാരംഭിച്ചെങ്കിലും 45 മിനിട്ടിനുശേഷം ഡ്രോണുകൾ വീണ്ടും റൺവേ ഏരിയയിൽ അതിക്രമിച്ച് കടന്നതിനാൽ ഫ്ളൈറ്റുകൾ നിറുത്തിവച്ചു. പിന്നീട് ഉച്ചയ്ക്ക് 12 മണിക്കും ഡ്രോൺ പ്രത്യക്ഷപ്പെട്ടു.

ബുധനാഴ്ച 10,000 ലേറെയാത്രക്കാരെ ഫ്ളൈറ്റ് ക്യാൻസലേഷനും ഷെഡ്യൂൾ മാറ്റവും ബാധിച്ചു. ഇന്ന് സർവീസ് നടത്തേണ്ട 760 ഷെഡ്യൂളുകളെയാണ് ഡ്രോണുകൾ താറുമാറാക്കിയത്. ഇന്ന് 110,000 പേരാണ് ഗാറ്റ്വിക്കിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നത്. ഡ്രോണുകൾ വ്യോമ പാതയിൽ തടസമുണ്ടാക്കുന്നത് ഗുരുതരമായ അപകടങ്ങളിലേയ്ക്ക് നയിക്കാൻ സാധ്യതയുള്ളതിനാലാണ് ഫ്ളൈറ്റ് സർവീസുകൾ അടിയന്തിരമായി നിറുത്തിയത്. 24 മണിക്കൂറോളമായി തുടരുന്ന പ്രതിസന്ധി നാളെയും തുടരുമെന്നാണ് കരുതുന്നത്.

ഡ്രോണുകളെ വെടിവച്ചിടാനുള്ള നിർദ്ദേശങ്ങൾ സുരക്ഷാകാരണങ്ങളാൽ അധികൃതർ ഉപേക്ഷിച്ചു. എവിടെ നിന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രിസ്മസ് ഹോളിഡേ ആഘോഷിക്കാൻ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനിരുന്ന മലയാളികൾ അടക്കമുള്ളവർ ഇതുമൂലം എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഫ്ളൈറ്റുകൾ പുറപ്പെടുകയോ ഇറങ്ങുകയോ ചെയ്യാനാവാത്ത അവസ്ഥ മൂലം വരും ദിവസങ്ങളിലെ ഷെഡ്യൂളുകളും അവതാളത്തിലാകും. ഈസി ജെറ്റിന്റെ ഇന്നത്തെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

സസക്സ് പോലീസ് മൂന്നു ഹെലികോപ്ടർ ക്രൂവിനെ ഡ്രോണിന്റെ നിയന്ത്രണ കേന്ദ്രം കണ്ടെത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനം തടസപ്പെടുത്താനുള്ള മനപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് അധികൃതർ കരുതുന്നത്.