കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെയില്‍ പ്രവര്‍ത്തനമാരംഭിച്ച എന്റര്‍ടെയിന്‍മെന്റ് മീഡിയയായ ലണ്ടന്‍ മലയാളം റേഡിയോ (എല്‍എംആര്‍) പുതിയ രൂപത്തിലും ഭാവത്തിലും അണിഞ്ഞൊരുങ്ങുന്നു. യുകെയില്‍ ഒരു മലയാളം റേഡിയോ എന്റര്‍ടെയിന്‍മെന്റ് മീഡിയ എന്നതിന്റെ സ്വപ്‌നസാക്ഷാത്കാരമായിരുന്നു എല്‍എംആര്‍. റേഡിയോ. എല്‍എംആര്‍ എന്ന മാധ്യമത്തിലൂടെ നമ്മുടെ ഭാവഗായകരെ തൊട്ടറിഞ്ഞ നമുക്ക് പ്രവാസജീവിതത്തിരക്കിനിടയില്‍ ആ മധുരസംഗീതത്തെ അടുത്തറിയുവാനും ആസ്വദിക്കാനുമായി. എല്ലാ മണിക്കൂറിലും വാര്‍ത്തകളും മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടികളുമായി എല്‍എംആര്‍ യുകെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു.

യുകെയിലെയും ലോകത്തിലെ പല സ്ഥലങ്ങളിലെയും റോഡിയോ ജോക്കിമാരുടെ പ്രോഗ്രാമിലൂടെ യുകെ, മിഡില്‍ ഈസ്റ്റ്, അമേരിക്ക, ജര്‍മനി തുടങ്ങിയ സ്ഥലങ്ങളിലെയും ശ്രോതാക്കള്‍ നല്‍കിയ സ്‌നേഹവും അംഗീകാരവും ആയപ്പോള്‍ എല്‍എംആര്‍ കൂടുതല്‍ പ്രോഗ്രാമുകളുമായി മുന്നേറുകയായിരുന്നു.

2017ല്‍  മലയാളം യുകെയുടെ എക്സല്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞിട്ടുള്ള എല്‍എംആര്‍ റേഡിയോ ശ്രോതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അഡ്വാന്‍സ്ഡ് ആയിട്ടുള്ള പ്ലാറ്റ്‌ഫോമിലേക്ക് കേരളപ്പിറവിയായ നവംബര്‍ 1ന് മാറുകയാണ്. പുതിയ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. എല്‍എംആര്‍ ഒരുക്കുന്ന മനോഹരങ്ങളായ പ്രോഗ്രാമുകള്‍ തടസ്സം കൂടാതെ ആസ്വദിക്കുവാന്‍ പുതിയ ആപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. പഴയ മൊബൈല്‍ ആപ്ലിക്കേഷന്‍ രണ്ടാഴ്ച കൂടി മാത്രമേ ലഭ്യമാകുകയുള്ളു.

ഇനി മുതല്‍ വാട്ട്‌സാപ്പ് നമ്പറിലൂടെയും നിങ്ങള്‍ക്ക് സോംഗ് റിക്വസ്റ്റും മെസേജുകളും അയക്കാം. ഇത് വഴി ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇനി ചെലവില്ലാതെ എല്‍എംആര്‍ റേഡിയോയുടെ പ്രോഗ്രാമുകള്‍  ആവശ്യപ്പെടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. പുതിയഫോണ്‍ ഇന്‍ പ്രോഗ്രാം ഉടന്‍ തന്നെ ലോഞ്ച് ചെയ്യുന്നതായിരിക്കുമെന്ന് എല്‍എംആര്‍ മാനേജ്‌മെന്റ് അറിയിച്ചു.

സ്റ്റാര്‍ ചാറ്റ്, യുകെ തല്‍സമയം, ഡിബേറ്റ് തുടങ്ങിയ പുതിയ പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് ആനന്ദവും ഉന്മേഷവും അറിവും നല്‍കുമെന്നതില്‍ സംശയമില്ലെന്നും ഇത്രയും നാള്‍ എല്‍എംആറിന്റെ യാത്രയില്‍ ഉടനീളം സഹകരിച്ച ഞങ്ങളുടെ ശ്രോതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും  അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കുന്നതായും തുടര്‍ന്നും എല്ലാ വിധ സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നതായും എല്‍എംആര്‍ മാനേജ്മെന്‍റ് അറിയിച്ചു.